ആലപ്പുഴ: മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ പുതിയ വിവാദത്തിൻെറ കൊടിയേറ്റം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ കൂടുതൽ പുകഴ്ത്തരുതെന്ന ആവശ്യവുമായി ചാനൽ ഉടമയുടെ പ്രതിനിധി സമീപിച്ചെന്ന എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻെറ വെളിപ്പെടുത്തലാണ് ആലപ്പുഴയിലെ പോരാട്ടത്തിന് എരിവ് പകർന്നിരിക്കുന്ന പുതിയ വിവാദം.
പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ജില്ലാ നേതൃത്വത്തിന് എതിരെ പരാതി കൊടുത്തുവെന്ന ചാനൽ വാർത്ത വ്യാജമാണെന്നും വ്യാജവാർത്ത നൽകി തന്നെ തകർക്കാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.
വെളളാപ്പളളിയെ പുക്ഴത്തുന്നതിൽ നിന്ന് പിന്മാറിയാൽ പ്രചാരണത്തിന് പണം നൽകാമെന്നും ചാനൽ ഉടമയുടെ അടുപ്പക്കാരനായ തൃശൂരിൽ നിന്നുളളയാൾ വാഗ്ദാനം ചെയ്തതായും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ചാനൽ ഏതെന്നോ വന്ന് കണ്ടയാൾ ആരാണെന്നോ പരാമർശിക്കാതെയാണ് ശോഭാ സുരേന്ദ്രൻ പുതിയ വിവാദത്തിന് വെടിപൊട്ടിച്ചത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്ന വാർത്ത ‘ബ്രേക്കിങ്ങ് ന്യൂസായി’ കൊടുത്ത അതേ ചാനലിൻെറ ഉടമയാണ് പ്രതിനിധിയെ അയച്ചതെന്ന പരാമർശത്തിൽ മാത്രമാണ്, ഉദ്ദേശിക്കുന്നത് ഏത് ചാനലിനെയാണെന്ന് ശോഭ സുരേന്ദ്രൻ പരോക്ഷമായി സൂചന നൽകുന്നത്.
ഇതേ ചാനൽ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത അഭിപ്രായ സർവേയിൽ താൻ മൂന്നാം സ്ഥാനത്താണെന്നും ശോഭ സുരേന്ദ്രൻ പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മൂന്നാം സ്ഥാനത്ത് പോകുമെന്ന് വിലയിരുത്താനുളള മാധ്യമങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും വ്യാജ വാർത്ത നൽകി തന്നെ തകർക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നാണ് ശോഭയുടെ ചോദ്യം.
വേണ്ടി വന്നാൽ ചാനലിൻെറ ഓഫീസിന് മുന്നിൽ പിറന്നാൾ ദിനത്തിൽ പ്രവർത്തകർക്കൊപ്പം നിരാഹാരം അനുഷ്ടിക്കുമെന്നും ശോഭ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. സാധാരണ വനിത എന്ന നിലയിൽ നിന്ന് ഉയർന്ന് വന്ന തന്നെ ബോധപൂർവം അധിക്ഷേപിക്കാൻ ശ്രമം നടക്കുന്നതായും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജില്ലാ നേതൃത്വത്തിന് എതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകിയെന്ന് വാർത്ത നൽകിയത് ആർ.ശ്രീകണ്ഠൻ നായരുടെ ഉടമസ്ഥതയിലുളള 24 ന്യൂസ് ചാനലായിരുന്നു. അതുകൊണ്ടുതന്നെ ശോഭയുടെ ആരോപണം നീളുന്നത് 24 ന്യൂസിന് എതിരെയാണെന്ന് വേണം അനുമാനിക്കാൻ.
ഇത് വ്യക്തമാക്കുന്ന ചില പ്രതികരണങ്ങൾ 24 ന്യൂസിലെ ചർച്ചയിൽ തന്നെ ബി.ജെ.പി നേതാക്കൾ നടത്തുകയും ചെയ്തു. ബോട്ട് ജെട്ടിയിൽ 24 ന്യൂസ് സംഘടിപ്പിച്ച ഇലക്ഷൻ പരിപാടിയിൽ പങ്കെടുത്ത ബി.ജെ.പി ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രനാണ് 24 ന്യൂസ് തെറ്റായ വാർത്ത നൽകിയെന്ന പ്രതികരണം നടത്തിയത്.
ബി.ജെ.പിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിൻെറ നേതൃത്വത്തിൽ പ്രവർത്തന അവലോകനം നടന്ന ദിവസം തന്നെയാണ് ശോഭാ സുരേന്ദ്രൻ ചാനലിനെ ചാരി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ കൂടി വിവാദത്തിലേക്ക് എത്തിക്കുന്നതിനുളള പഴുതുകളും ഈ വിവാദത്തിലുണ്ട്. എസ്.എൻ.ഡി.പി യിലെ വിമത വിഭാഗത്തിൻ്റെ സംശയകരമായ സാന്നിധ്യമാണ് വിവാദത്തിലേക്ക് വെള്ളാപ്പള്ളിക്ക് ഉള്ള ക്ഷണപത്രം.
വിമത വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നവരിൽ ചാനൽ ഉടമകളും ഉണ്ട്. ആലപ്പുഴയിലെ പ്രധാന സമുദായമായ ഈഴവ സമുദായത്തിൻ്റെ പിന്തുണ ഉറപ്പിക്കാനാണ് ശോഭ , വെള്ളാപള്ളിയെ കൂടി ക്ഷണിക്കുന്ന വിവാദത്തിന് നാന്ദി കുറിച്ചതെന്ന് കരുതുന്നവരുമുണ്ട്.
ഇത്തവണ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതിരിക്കുന്ന വെള്ളാപ്പള്ളി, പതിവായി ചെയ്യാറുള്ളത് പോലെ മണ്ഡലത്തിലെ സ്ഥാനാർഥികളെപ്പറ്റി അഭിപ്രായ പ്രകടനങ്ങൾക്കും തയാറായിട്ടില്ല. ഇതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയുടെ പിന്തുണ ആർക്കൊപ്പം ആണെന്നതിൽ മൂന്ന് മുന്നണികൾക്കും ആശങ്കയുണ്ട്.
ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടത് മൂലമാണ് വെള്ളാപ്പളളി മൗനം പാലിക്കുന്നതെന്നാാണ് ഇടത് പക്ഷത്തെ സംശയം. ജില്ലയിൽ പ്രചരണത്തിന് എത്തിയ മുഖ്യമന്ത്രിയെ കൊണ്ട് വെള്ളാപ്പള്ളിയോട് സംസാരിപ്പിക്കാനുള്ള നീക്കവും എൽ.ഡി.എഫ് ജില്ലാ നേതൃത്വം നടത്തിയിരുന്നു.
യുഡിഎഫുമായി കാലങ്ങളായി വെള്ളാപ്പള്ളി രസത്തിലല്ല. എ.എം. ആരിഫുമായും വലിയ അടുപ്പം സൂക്ഷിക്കുന്ന പ്രതികരണങ്ങൾ വെള്ളാപ്പള്ളിയിൽ നിന്ന് വന്നിട്ടില്ല. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ശോഭ സുരേന്ദ്രൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത് എന്നാണ് സൂചന.