ഡബ്ലിന്‍ : നിയമവിരുദ്ധമായി അയര്‍ലണ്ടിലെത്തിയെന്ന് കണ്ടെത്തിയ കുടിയേറ്റക്കാരെ ഉടന്‍ നാടുകടത്തണമെന്ന് നീതിന്യായ വകുപ്പിന്റെ രഹസ്യ രേഖ.ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്റെ പേരില്‍ യാതോരു രേഖകളുമില്ലാതെ അയര്‍ലണ്ടിലെത്തുന്നവരിലേറെയും ഇക്കണോമിക് മൈഗ്രന്റ്സാണെന്ന് ജസ്റ്റിസ് വകുപ്പിന്റെ രഹസ്യ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.നാടുകടത്തുന്നതിന് ശക്തമായ സംവിധാനമില്ലാതെ എമിഗ്രേഷന്‍ കുറ്റമറ്റതാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് തുടരുന്നു.
പാന്‍ഡെമിക് സമയത്ത് നാടുകടത്തുന്നതിന് സര്‍ക്കാര്‍ ഇളവുപ്രഖ്യാപിച്ചിരുന്നു.ഇപ്പോള്‍ അത് പുനരാരംഭിക്കുകയാണ്.അതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.അനധികൃത അഭയാര്‍ഥികളെ നീക്കം ചെയ്യുന്ന കാര്യത്തില്‍ അയര്‍ലണ്ടുമായി സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് പിഴ ചുമത്തണമെന്ന് നീതിന്യായ മന്ത്രി ഹെലന്‍ മക് എന്‍ഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
വ്യക്തി , ‘കുടുംബമാകുന്നതിന് മുമ്പേ ‘നാടുകടത്തണം
ഒരാളെ കൂടുതല്‍ കാലം ഇവിടെ തങ്ങാന്‍ അനുവദിക്കുന്നത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാലം പോകുന്തോറും ജോലിയും വീടും കുടുംബവും കുട്ടികളുമൊക്കെയാകും. പിന്നീടവരെ നീക്കുന്നത് ബുദ്ധിമുട്ടാകും.
വേരുകള്‍ ഉറപ്പിക്കുന്നത് തടയുന്നതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്തിയ അനധികൃത കുടിയേറ്റക്കാരെ ആദ്യം നാടുകടത്തണം. നാടുകടത്തുന്നതിന് ക്രോണോളജിക്കല്‍ ഓര്‍ഡറെന്ന പഴയ സമീപനം തിരുത്തണം.അടുത്ത കാലത്ത് നാടുകടത്തുന്നതിന് കഴിയാതെ പോയവരുടെ പേരുകള്‍ക്ക് മുന്‍ഗണന നല്‍കണം.
ഡിപോര്‍ട്ടേഷന്‍ ഉടന്‍ പുനരാരംഭിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ വിവേചനരഹിതമാകണം.കുടുംബ ങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ബാധകമാക്കണം.
ഇവിടെ തുടരാന്‍ അനുവദിക്കരുത്.
തൊഴില്‍ വിപണി ലക്ഷ്യമിട്ട് മാത്രം നടത്തിയതാണെന്ന് കണ്ടെത്തുന്ന കേസുകളില്‍ ആളുകളെ തുടരാന്‍ അനുവദിക്കരുത്. ഇവരെ ഉടന്‍ നാടുകടത്തണം. ഇതുമായി ബന്ധപ്പെട്ട അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.അന്താരാഷ്ട്ര സംരക്ഷണ പ്രക്രിയയെ ഇവര്‍ തൊഴില്‍ വിപണിയിലെത്താനുള്ള കുറുക്കുവഴിയാക്കുകയാണ്. തൊഴിലും മെച്ചപ്പെട്ട ജീവിത നിലവാരവുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ജസ്റ്റിസ് വകുപ്പും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടിയേറ്റം ക്രമപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി അന്താരാഷ്ട്ര ക്രമീകരണങ്ങളും പദ്ധതികളും പരിശോധിക്കണം.
വ്യാജരേഖകള്‍ ഉപയോഗിച്ച് അനധികൃതമായി സംസ്ഥാനത്ത് പ്രവേശിച്ചവര്‍,വിസാ കാലാവധി കഴിഞ്ഞ ശേഷവും നിയമം ലംഘിച്ച് ഇവിടെ കഴിയുന്നവര്‍,കുറ്റവാളികള്‍,അന്താരാഷ്ട്ര സംരക്ഷണത്തിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരാണ് നാടുകടത്തേണ്ടവര്‍.ഇവരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം
സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാരണം, ഗുരുതരമായ കുറ്റകൃത്യങ്ങളുള്ള കേസുകളില്‍പ്പെട്ടവരെ മാത്രമേ നാടുകടത്തിയിട്ടുള്ളൂ. 2015നും 2020നും ഇടയില്‍ 1341 പേരെയാണ് അയര്‍ലണ്ട് നാടുകടത്തിയത്.2021ല്‍ അത് 155 ആയി കുറഞ്ഞെന്ന് കണക്കുകള്‍ പറയുന്നു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസകള്‍ നല്‍കുന്നത് തുടരേണ്ടതുണ്ടോ എന്നതും പരിഗണിക്കണമെന്നും ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും വെളിവായിട്ടില്ല.
അഭയാര്‍ഥികളുടെ പ്രവാഹമാണിവിടെ. 1990ന് ശേഷമുള്ള കുടിയേറ്റ വേലിയേറ്റമാണ് അയര്‍ലണ്ട് ഇപ്പോള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഉക്രൈയ്‌നിലെ യുദ്ധമല്ല ഇതിന് കാരണം.ഇവരില്‍ ഭൂരിപക്ഷവും അഭയാര്‍ത്ഥികളല്ല.സാമ്പത്തിക കുടിയേറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *