ഡബ്ലിന്‍ :കൊടുങ്കാറ്റ് ഭീഷണിയെ മുന്‍ നിര്‍ത്തി ആളുകളെ മാറ്റിത്താമസിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ‘വ്യാജ’ അഭയാര്‍ഥത്ഥികള്‍ മൊത്തത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി.ഊരും പേരും ഫോണ്‍ നമ്പരും ഇമെയിലുമൊന്നുമില്ലാതെ അയര്‍ലണ്ടിലെത്തിയവരാണത്രെ ഇവര്‍. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ഇന്റഗ്രേഷന്‍ വകുപ്പും അഭയാര്‍ത്ഥികളെ സഹായിക്കാനിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരും കുഴങ്ങി.
കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഐ പി എ സര്‍വീസ് അധികൃതര്‍, ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവിടുത്തെ അഭയാര്‍ഥി വേഷക്കാര്‍ പ്രതിസന്ധിയുണ്ടാക്കിയത്.പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയിലുമൊക്കെയുള്ള യഥാര്‍ഥ അഭയാര്‍ഥികള്‍ക്ക് പ്രശ്നമുണ്ടായില്ല.
മറിച്ച് ഇതൊന്നുമില്ലാത്ത, എവിടെ നിന്നാണ് വന്നതെന്നുപോലും നിശ്ചയമില്ലാത്തവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനും തലവേദനയായി.ഇംഗ്ലീഷോ ഐറിഷോ അറിയാത്ത ഇവരുമായി ശരിയായ ആശയവിനിമയവും സാധ്യമാകാത്തതും ‘അധികൃതര്‍ക്ക് ‘പണിയായി’. ഒരു രേഖയുമില്ലാതെ ഇവര്‍ എങ്ങനെ അയര്‍ലണ്ടിലെത്തുന്നു….
ഐ പി എ എസ് നല്‍കിയ ലിസ്റ്റില്‍ ഇവരില്‍ പലരുടെയും പേരുണ്ടായിരുന്നില്ല. പേരും മേല്‍ വിലാസവുമൊക്കെയുള്ളവര്‍ക്കാണ് ഡണ്‍ഡ്രം അടക്കമുള്ള സ്ഥലങ്ങളില്‍ താമസസൗകര്യം സജ്ജമാക്കിയത്. അതൊന്നുമില്ലാത്തവരെ എവിടെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ വലിയ കണ്‍ഫ്യൂഷനുണ്ടായി.
ഏതാണ്ട് 312 പേര്‍ ഇങ്ങനെ എവിടെയും പേരില്ലാത്തവരായി കണ്ടെത്തി.ഇവരില്‍ നിന്നും കുറച്ചുപേര്‍ക്ക് മുന്‍ഗണന നല്‍കി ഒരു ലിസ്റ്റുണ്ടാക്കി പ്രത്യേക താമസസൗകര്യം നല്‍കാമെന്ന് ധാരണയുണ്ടായെങ്കിലും അതും നടക്കാതെ പോയി. ഇവരുടെ ഐഡന്റിറ്റി തിരിച്ചറിയാന്‍ പറ്റാത്തത് തന്നെയായിരുന്നു പ്രശ്നം.ഇവരില്‍ നിന്നും 23 പേര്‍ക്ക് പിന്നീട് താമസസൗകര്യം ലഭ്യമായി.
ഒഴിപ്പിച്ചാലും തീരാത്ത മൗണ്ട് സ്ട്രീറ്റിലെ കുടിയേറ്റം
മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് ചുറ്റുമുള്ള അഭയാര്‍ത്ഥികളുടെ അനൗപചാരിക കുടിയേറ്റം നീക്കുന്നതു തലവേദനയാകുന്നത് അടുത്തകാലത്ത് ഇത് മൂന്നാം തവണയാണ്.
കഴിഞ്ഞ വസന്തകാലത്ത് താമസ സൗകര്യത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥികള്‍ക്കും താമസസൗകര്യം വാഗ്ദാനം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. കൂടാതെ ഡിസംബര്‍ നാലിനും മൂന്നാഴ്ച മുമ്പും ഇവിടം ക്ലിയര്‍ ചെയ്തിരുന്നു.
മൂന്നാഴ്ച മുമ്പ് ഈ പ്രദേശമാകെ വൃത്തിയാക്കി. അവിടെ താമസിക്കുന്നവരെ ഡബ്ലിന്‍ ക്രൂക്ക്സ്ലിംഗിലേക്കാണ് മാറ്റിയത്. എന്നാല്‍ അവിടെ താമസം ശരിയാകില്ലെന്ന് പറഞ്ഞ് ഏതാനും പേര്‍ തിരികെയെത്തി. എന്നാല്‍ ഇപ്പോള്‍ അവിടെയുള്ളത് 312 പേരാണ്.
ഇത്തരത്തില്‍ പല വിധത്തില്‍ അയര്‍ലണ്ടിലെത്തിയിട്ടുള്ളത് 1620 പേരാണെന്നൊരു കണക്ക് ഇന്റഗ്രേഷന്‍ അഭയാര്‍ഥി സംഘടനകളുടെ പക്കലുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ എത്ര പേര്‍ ഒരു കണക്കിലും പെടാതെ അഭയാര്‍ഥികളെന്ന പേരില്‍ അയര്‍ലണ്ടിലെത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലെന്നാണ് കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകരുടെ വാദം.
എന്നാല്‍ ഇവരെ താല്‍ക്കാലികമായി മാറ്റുകയല്ല, അഭയാര്‍ഥികള്‍ക്കായി സ്ഥിരം സംവിധാനമുണ്ടാക്കണമെന്നാണ് മൂവ്‌മെന്റ് ഓഫ് അസൈലം സീക്കേഴ്‌സ് ഇന്‍ അയര്‍ലണ്ട് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഐഡന്റിറ്റിയില്ലാത്തടക്കമുള്ള അഭയാര്‍ഥികളുടെ കാര്യം ഇവര്‍ ഗൗരവമായെടുക്കുന്നില്ല.
ഡബ്ലിന്‍ മൗണ്ട് സ്ട്രീറ്റില്‍ ഇത് തനിയാവര്‍ത്തനം
ഡബ്ലിന്‍ മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് സമീപത്താണ് അഭയാര്‍ഥികളുടെ ആസ്ഥാനം. പലവിധ കാരണങ്ങളാല്‍ താമസസൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയാതെ പോകുന്ന ഏതാനും പേര്‍ക്കാണ് അവിടെ ടെന്റടിച്ച് തങ്ങുന്നതിന് അവസരം നല്‍കിയത്. തുടക്കത്തില്‍ വളരെ കുറച്ചാളുകളെ അവിടെയുണ്ടായിരുന്നുള്ളു.
പിന്നീട് എവിടെനിന്നൊക്കെയോ വരുന്നവര്‍ക്കായി അവിടെ കൂണുപോലെ ടെന്റുകളുയരുന്നു.ഇവരെ മറ്റ് ഇടങ്ങളിലേയ്ക്ക് മാറ്റാന്‍ തീരുമാനിക്കുമ്പോള്‍ ഒരു കണക്കിലും പെടാത്ത നിരവധി പേര്‍ വീണ്ടും അഭയാര്‍ഥികളാണെന്ന പേരില്‍ അവിടെ എത്തുന്നു. അവരെ മനുഷ്യത്വത്തിന്റെ പേരില്‍ അക്കൊമൊഡേറ്റ് ചെയ്യുന്നു.
അവരില്‍ കുറച്ചുപേര്‍ മുട്ടാപ്പോക്ക് പറഞ്ഞ് വീണ്ടും ഡബ്ലിന്‍ മൗണ്ട് സ്ട്രീറ്റില്‍ തിരിച്ചെത്തുന്നു. പിന്നീട് വീണ്ടും അഭയാര്‍ഥികളുടെ എണ്ണം കൂടുന്നു. ഇതാണ് ഡബ്ലിന്‍ മൗണ്ട് തെരുവോരത്തെ ഈ ‘അഭയര്‍ഥി’ കേന്ദ്രത്തിന്റെ കഥ.
തിരിച്ചുപോയ ഉക്രൈന്‍ അഭയാര്‍ത്ഥികള്‍
യുദ്ധത്തിന്റെ രൂക്ഷത കുറയുന്നതനുസരിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയ ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ ഏറെയാണ്.. എങ്കിലും അവിടെനിന്നുള്ള അഭയാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കണക്കുകളില്‍ വ്യക്തമാവുന്നില്ല. മടങ്ങിപ്പോകുന്ന ഉക്രൈന്‍ അഭയാര്‍ഥികളുടെ എണ്ണത്തിന് പകരം ,മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നുഴന്നുകയറ്റക്കാരായ അഭയാര്‍ത്ഥികള്‍ കണക്കുകളില്‍ പ്രത്യക്ഷപ്പെടുന്നതായും ആരോപണമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *