കാഞ്ഞിരപ്പള്ളി: പാറത്തോട് പാലപ്ര ടോപ്പില്‍ കടുവയെ കണ്ടു ഭയന്നോടി റബര്‍ ടാപ്പിങ് തൊഴിലാളി.കടുവ ഇറങ്ങിയ വിവരം കാട്ടുതീ പോലെ പെട്ടെന്നു പടര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചേ റബര്‍ ടാപ്പിങിനായി പോയ ടാപ്പിങ് തൊഴിലാളിയായ നിലമ്പൂര്‍ സ്വദേശി ജോസഫാണു കടുവായെ കണ്ടതായി പറയുന്നത്.
പാലപ്ര ടോപ്പില്‍ പാട്ടത്തിനെടുത്ത റബര്‍ മരങ്ങള്‍ ടാപ്പു ചെയ്യാന്‍ പോയ ജോസഫിന്റെ മുന്നില്‍ ഹെഡ് ലൈറ്റ് വെട്ടത്തില്‍ 20 അടി അകലത്തില്‍ കടുവയെ കാണുകയായിരുന്നു. ഇയാള്‍ ഒച്ചവെച്ചു ഭയന്നോടി.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാറിനെ അറിയിച്ചതനുസരിച്ചു പോലീസും വനപാലക സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. കാട്ടുപൂച്ചയുടെ കാല്‍പാടുകളാണ് ഇവിടെ കണ്ടതെന്നു വനപാലകര്‍ പറഞ്ഞു.
എന്നാല്‍ കണ്ടത് കടുവയെന്നു ഉറച്ചു പറയുകയാണ് ജോസഫ്. തുടര്‍ന്ന് പ്രദേശവാസിള്‍ പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയക്കുകയാണ്.