തിരുവനന്തപുരം: പാറശ്ശാല മലഞ്ചുറ്റ് ബി.എഫ്.എം കോളനി സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിൽ പരാതികളുടെ കെട്ടഴിച്ച് കോളനി നിവാസികൾ. സ്ഥലത്തെ കുടിവെള്ള ക്ഷാമവും വീടുകളുടെയും റോഡുകളുടെയും ശോചനീയാവസ്ഥയുമായിരുന്നു പ്രദേശവാസികളുടെ പ്രധാന പരാതി.
ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു. 50 ഓളം കുടുംബങ്ങളാണ് ബി.എഫ്.എം കോളനിയിലുള്ളത്.
ഗതാഗത യോഗ്യമായ റോഡ് റോഡ് അടിയന്തിരമായി വേണമെന്നാണ് കോളനി നിവാസി കനകത്തിൻ്റെ ആവശ്യം. കരുണാകരൻ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ ആവശ്യം ഇപ്പോഴും നടപ്പാക്കിയില്ല. കോളനിയിലൂടെ സഞ്ചരിച്ചപ്പോൾ നിവാസികളുടെ ജീവിതസാഹചര്യം അത്യന്തം വേദനിപ്പിച്ചെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളൊക്കെയും പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ മാത്രമാണ്. അതിന് പക്ഷേ ഒരു ശ്രമം വേണ്ടതാണ്. ഇക്കഴിഞ്ഞ കാലങ്ങളിൽ ഭരിച്ച സംസ്ഥാന സർക്കാരിനോ 15 കൊല്ലമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം പിക്കോ ഇത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നത് ഖേദകരമാണെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
മോദിജിയുടെ സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി ക്ഷേമ പദ്ധതികൾ രാജ്യത്തൊട്ടാകെ നടപ്പിലാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ കഴിയണം. അതിന് തന്റെ ഭാഗത്തെ നിന്ന് ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള പ്രശ്നവും, വീട്ടില്ലാത്തവർക്ക് വീടും കേന്ദ്ര പദ്ധതിപ്രകാരം നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി. കോളനി നിവാസികൾ ഒരുക്കിയ ഉച്ചയൂണ് കഴിച്ച ശേഷമാണ് മറ്റ് പ്രചരണ പരിപാടികൾക്കായി ഇറങ്ങിയത്.