കോട്ടയം: ചൂടില്‍ ഉരുകി കോട്ടയം. ചൂട് അല്‍പം കൂടിയാലും കുഴപ്പമില്ല, മഴ പെയ്യാതിരുന്നാല്‍ മതിയെന്നു നെല്‍ കര്‍ഷകര്‍. കൊയ്ത്തു നടക്കുന്ന പാടങ്ങളിലെ കര്‍ഷകര്‍ മഴ പെയ്യാത്തതിനാല്‍ ആശ്വസിക്കുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ നെല്ല് ഉണക്കാന്‍ പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നു പറയുന്നു.
എങ്കിലും മഴ പെയ്താലുള്ള ദുരിതത്തിന്റെ അത്രയം വരില്ല ചൂടെന്നാണു കര്‍ഷകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊയ്ത്ത് സമയത്തുണ്ടായ ശക്തമായ മഴയില്‍ കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണു സംഭവിച്ചത്. പല പാടശേഖരങ്ങളിലും നെല്ല് കൊയ്‌തെടുക്കാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നു.
അതേ സമയം ഇടവേളയ്ക്കു ശേഷം കോട്ടയത്തെ പകല്‍ താപനില വീണ്ടും 40 ഡിഗ്രിയിലേക്കെത്തിയിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വടവാതൂരിലെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12ന് രേഖപ്പെടുത്തിയത് 39.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ടൗണില്‍ 41 ഡിഗ്രി വരെ പിന്നിട്ടിരിക്കാമെന്നാണു നിരീക്ഷകരുടെ നിഗമനം.
ഇന്നലെ രാവിലെ മുതല്‍ അസഹനീയമായ ചൂടാണു നഗരത്തില്‍ അനുഭവപ്പെട്ടത്. നഗരത്തിലെത്തിയവരില്‍ പലരും കൊടും ചൂടില്‍ അസ്വസ്ഥരായി. പൊള്ളുന്ന അവസ്ഥയായിരുന്നുവെന്നു അനുഭവസ്ഥര്‍ പറയുന്നു. ഉച്ചയായതോടെ ചൂട് അസഹനീയമായി. ബസുകളില്‍ ഉള്‍പ്പെടെ തിരക്കും കുറഞ്ഞു.
നഗരത്തിലും ചുറ്റുവട്ടങ്ങളിലും ഒന്നിലേറെ വേനല്‍ മഴ പെയ്തിരുന്നുവെങ്കിലും ചൂടിന്റെ ശക്തിയ്ക്ക് ഒരു കുറവുമില്ല. അടുത്തയാഴ്ച വേനല്‍ മഴ ശക്തമാകുമെന്നു മുന്നറിയിപ്പ് ഉണ്ടെങ്കിലും അതുവരെ വെയില്‍ ശക്തമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ചൂട്,ക്രമാതീതമായി വര്‍ധിച്ചതോടെ കര്‍ഷക ദുരിതം വര്‍ധിക്കുകയാണ്. പച്ചക്കറി, വാഴ കര്‍ഷകര്‍ സമാനതകളില്ലാത്ത ദുരിതത്തിലാണ്. വേനല്‍ മഴ പെയ്തുവെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല.എല്ലാ ദിവസവും നനച്ചാലും പച്ചക്കറികള്‍ വാടിക്കരിയുന്നതായും  ഉത്പാദനം കുറയുന്നതായും കര്‍ഷകര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *