തിരുവനന്തപുരം: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. സിപിഎം വരവ്‌ – ചെലവ്‌ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ്‌ കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ്‌. തൃശ്ശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തെറ്റുകള്‍ക്കെതിരെ ഉറച്ച്‌ നിലപാട്‌ പാര്‍ട്ടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ അക്കൗണ്ട്‌ മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്‌.
തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റിന്‌ മുന്നില്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്‌ ഹാജരായത്‌. ആ ഘട്ടത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരും അവിടെ എത്തിച്ചേരുകയാണുണ്ടായത്‌. മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയും, വിശദീകരണം ആവശ്യപ്പെടാതെയും ഇന്‍കം ടാക്‌സ്‌ അധികൃതര്‍ അക്കൗണ്ട്‌ മരവിപ്പിക്കുകയാണ്‌ ചെയ്‌തത്‌. അങ്ങേയറ്റം തെറ്റായ നടപടിയാണ്‌ ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ്‌ സ്വീകരിച്ചിട്ടുള്ളത്‌.
പ്രതിപക്ഷ പാര്‍ട്ടികളേയും, അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളേയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ്‌ ഇതുണ്ടായിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം പാര്‍ട്ടി രേഖപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിക്കൊണ്ട്‌ ഇത്തരം നയങ്ങള്‍ തിരുത്താനുള്ള പോരാട്ടത്തില്‍ അണിചേരണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *