പുതിയ ചിത്രങ്ങളുടെ ഒടിടി വിന്‍ഡോ ചലച്ചിത്രമേഖലയിലെ സ്ഥിരം തര്‍ക്കങ്ങളിലൊന്നാണ്. സിനിമകളുടെ ഒടിടി വിന്‍ഡോ അന്‍പത് ദിവസമെങ്കിലുമായി ഉയര്‍ത്തണമെന്നത് പല സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡില്‍ ഇത് പലപ്പോഴും പ്രാവര്‍ത്തികമാവാറുണ്ടെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ അത്ര വലിയ ഗ്യാപ്പ് സിനിമകള്‍ക്ക് തിയറ്റര്‍ റണ്ണിന് ലഭിക്കാറില്ല. ഇപ്പോഴിതാ തിയറ്റര്‍ റിലീസില്‍ നിന്നും ഒടിടിയിലേക്കുള്ള ദൂരമില്ലായ്മകൊണ്ട് കൌതുകം തീര്‍ക്കുകയാണ് ഒരു തമിഴ് ചിത്രം. ജി വി പ്രകാശ് കുമാര്‍ നായകനായ റിബല്‍ ആണ് അത്.
പിരീഡ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നികേഷ് ആര്‍ എസ് ആണ്. മമിത ബൈജുവിന്‍റെ തമിഴ് അരങ്ങേറ്റചിത്രം എന്നതും ഈ ചിത്രത്തിന് പ്രീ റിലീസ് ശ്രദ്ധ ലഭിക്കാന്‍‌ ഒരു കാരണമായിരുന്നു. പ്രേമലു തമിഴ്നാട്ടിലും പ്രേക്ഷകശ്രദ്ധ നേടിയതിന് ശേഷമായിരുന്നു റിബലിന്‍റെ റിലീസ്. മാര്‍ച്ച് 22 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട ചിത്രം ഇപ്പോഴിതാ 15-ാം ദിവസമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഇത്രവേഗം ചിത്രം ഒടിടിയില്‍ എത്തിയതിന്‍റെ അമ്പരപ്പ് പ്രേക്ഷകരും ട്രാക്കര്‍മാരുമൊക്കെ സോഷ്യല്‍‌ മീഡിയയിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം ഒടിടിയില്‍ എത്തിക്കാനായിരുന്നുവെങ്കില്‍ ഡയറക്റ്റ് ആയി സ്ട്രീം ചെയ്താല്‍ പോരായിരുന്നോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യം. അതേസമയം മമിത ബൈജു നായികയായി വന്‍ വിജയം നേടിയ മലയാള ചിത്രം പ്രേമലു ഇതുവരെ ഒടിടിയില്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 9 ന് തിയറ്ററിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രില്‍ 12 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *