പ്രഭാസും ദീപിക പദുക്കോണും അടക്കം വന്‍ താരനിരയുമായി എത്തുന്ന ബ്രാഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി ബിഗ് സ്‌ക്രീനിൽ കാണാൻ ആരാധകർക്ക് കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് സൂചന. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റിയേക്കും എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ തരുന്ന സൂചന. ലോക്സഭ തെരഞ്ഞെടുപ്പാണ് ഇത്തവണ ചിത്രത്തിന്‍റെ റിലീസിനെ ബാധിച്ചത് എന്നാണ് വിവരം.
നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് പ്രകാരം മെയ് 9 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഈ തീയതിയിലും വൈകിയാകും തീയറ്ററുകളിൽ എത്തുക. റിലീസ് തീയതി മാറ്റുന്നത് സംബന്ധിച്ച് നിർമ്മാതാക്കൾ ഉടൻ തന്നെ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും വിവരമുണ്ട്. 
യെവടെ സുബ്രഹ്മണ്യം, മഹാനടി തുടങ്ങിയ സംവിധാനങ്ങൾക്ക് പേരുകേട്ട നാഗ് അശ്വിൻ ആണ് സയൻസ് ഫിക്ഷൻ ചിത്രമായ കല്‍കി സംവിധാനം ചെയ്യുന്നത്. മുതിർന്ന താരങ്ങളായ അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസിനെ ഇലക്ഷന്‍ തടസമാകരുത് എന്നതിനാലാണ് മെയ് അവസാനം ജൂണ്‍ ആദ്യം എന്ന തീയതി അണിയറക്കാര്‍ നേടുന്നത് എന്നാണ് വിവരം. മെയ് 30 എന്ന തീയതിയും അണിയറക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. 
കൽക്കി 2898 എഡി എന്ന സിനിമയില്‍ ‘ഭൈരവ’യായിട്ടാണ് നായകൻ പ്രഭാസ് എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.
നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്താണ് . തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *