അബുദാബി: അബുദാബിയിലെ പ്രധാന റോഡുകളിൽ ബസ് ഗതാഗതം നിരോധിച്ചു. ചെറുതും വലുതുമായ എല്ലാത്തരം ബസുകൾക്കും നിരോധനം ബാധകമാണ്. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെ (മുൻപ് അൽ ഖുർറം സ്ട്രീറ്റ്)യുള്ള ബസ് ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്.
ഈ മാസം 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ,  റോഡിൻറെ ഏത് ദിശയിലും 24 മണിക്കൂറും നിരോധനം ബാധകമായിരിക്കും. വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിനങ്ങളും ഇതിൽ ഉൾപ്പെടുത്താനാണ് തീരുമാനം. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വിഭാഗത്തിൻറെ (ഡിഎംടി) ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐടിസി), അബുദാബി പൊലീസ് ഹെഡ് ക്വാർട്ടേഴ്സുമായി സഹകരിച്ചും ട്രാഫിക് സേഫ്റ്റിക്കായുള്ള സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലുമാണ് ബസുകളുടെ ഗതാഗതം നിരോധിക്കുന്നത്ത്.
അതേസമയം, സ്‌കൂൾ ബസുകൾ, പൊതുഗതാഗത ബസുകൾ, പ്രദേശത്തെ വർക്ക് സൈറ്റുകളിലേക്ക് പ്രവേശനമുള്ള ബസുകൾ എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐടിസി അറിയിച്ചിട്ടുണ്ട്.  ട്രാഫിക് നിയന്ത്രണങ്ങൾ അനുസരിക്കാൻ ഓപറേറ്റർമാരോടും ഡ്രൈവർമാരോടും അഭ്യർഥിച്ചു. നിയമം പാലിക്കാത്ത ബസുകൾ നിരീക്ഷിച്ച് സ്മാർട്ട് സംവിധാനങ്ങളിലൂടെ അബുദാബി പൊലീസിൻറെ സഹകരണത്തോടെ പിഴകൾ നടപ്പിലാക്കും.
ഗതാഗതം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഐടിസി വ്യക്തമാക്കി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *