കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.എ വിദ്യാര്‍ത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26) യാണ് ഹോണസ്റ്റി ഭവന്‍ ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. കഴിഞ്ഞ മാസം ഒന്‍പതിനാണ് ഓണ്‍ലൈന്‍ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനില്‍ മുറിയെടുത്തത്. യുവതിയുടെ ഭര്‍ത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. ഇവിടെ നിന്നും ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല.
ഇതേ തുടര്‍ന്ന് ഇന്നു രാവിലെ ഇയാള്‍ ഹോസ്റ്റലില്‍ എത്തുകയായിരുന്നു. തുടര്‍ന്നു വാര്‍ഡന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ കോട്ടയം വെസ്റ്റ് പോലീസ് പൂര്‍ത്തിയാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)