പാമ്പാടി: കാളച്ചന്തയ്ക്കു സമീപം കാട്ടുപന്നി ഇടിച്ചു നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു യാത്രികനു പരുക്ക്. ബുധനാഴ്ച രാത്രിയില്‍ പാമ്പാടി കാളച്ചന്തയ്ക്കുസമീപം വട്ടമലപ്പടിയിലാണു സംഭവം. 15ാം മൈല്‍ കല്ലോലിക്കല്‍ ബിനുവിനാണു പരുക്കേറ്റത്. താടിയെല്ലിനു പരുക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴിയാണു അപകടം. കൂട്ടമായെത്തിയ പന്നിക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പാമ്പാടിയിലും സമീപപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമായിട്ട് നാളുകളായി. കൂരോപ്പട, ളാക്കാട്ടൂര്‍, ആര്‍ഐടി, വെന്നിമല, സൗത്ത് പാമ്പാടി പ്രദേശങ്ങളില്‍ പന്നികളുടെ ശല്യം മുന്‍പ് രൂക്ഷമായിരുന്നു. ഇതു മൂലം ജീവിതം ദുസഹമായെന്നു കര്‍ഷകര്‍ പറയുന്നു.
മുന്‍ കാലങ്ങളെ അപേക്ഷിച്ചു കിലോമീറ്ററുകളോളം സഞ്ചരിച്ച് ജനവാസ കേന്ദ്രത്തിലേക്ക് ഇവ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുകയാണ്. ഇതോടൊപ്പമാണ് പൊന്തക്കാടുകളില്‍ നിന്നും അപ്രതീക്ഷിതമായി റോഡിലേക്ക് പന്നികള്‍ ചാടിയിറങ്ങുന്നത്. പലപ്പോഴും വാഹനങ്ങള്‍ക്കു നേരെയാവും പന്നിക്കൂട്ടം പാഞ്ഞടുക്കുക. ഇത് അപകടങ്ങൾക്കു വഴിവെക്കും. കൂടുതലായും ഇരുചക്ര വാഹനയാത്രികരും ഓട്ടോറിക്ഷകളുമാണ് അപകടത്തിൽപ്പെടുന്നത്.