തിരുവനന്തപുരം: ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളിയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിനെ കണ്ടെത്താൻ സി.ബി.ഐയുടെ പുനരന്വേഷണം വന്നേക്കാൻ സാദ്ധ്യതയേറി. ജെസ്നയെ കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ റിപ്പോർട്ടിനെ എതിർത്തുള്ള പിതാവിന്റെ ഹർജിയിൽ സി.ബി.ഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകിയിട്ടുണ്ട്.
സി.ബി.ഐ റിപ്പോർട്ട് തള്ളി വീണ്ടും അന്വഷണത്തിന് ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം. ജെസ്ന കേസിൽ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ സാധിച്ചിട്ടില്ലെന്നും ജെസ്ന മരിച്ചു എന്നു സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.
ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. വിവിധ മതവിഭാഗങ്ങളുടെ മതപരിവർത്തന കേന്ദ്രങ്ങളായ മലപ്പുറത്തെ സത്യസരണി, പൊന്നാനി, കോഴിക്കോട്ടെ ആര്യസമാജം എന്നിവിടങ്ങളിൽ അന്വേഷിച്ചു. മതപരിവർത്തനം ചെയ്യപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്തു.
തിരോധാനത്തിന് പിന്നിൽ മത, തീവ്രവാദ സംഘങ്ങളുമില്ല. ജസ്‌ന ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യമുറപ്പിക്കാൻ അഞ്ജാത മൃതദേഹങ്ങളുമായി താരതമ്യപഠനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി ആത്മഹത്യാ മുനമ്പുകളിൽ പരിശോധന നടത്തിയെങ്കിലും നിഷ്ഫലമായി. തമിഴ്നാട്, കർണാടകം, മുംബൈ എന്നിവിടങ്ങളിൽ തിരഞ്ഞു. ലോവർപെരിയാർ ഡാമിന്റെ പരിസരത്തും തിരഞ്ഞിരുന്നു.
ജസ്നയുടെ പിതാവ് ജെയിംസിനെയും ഫോണിൽ കൂടുതൽ വിളിച്ച സുഹൃത്തിനെയും ബ്രെയിൻ ഇല്ക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് (ബി.ഇ.ഒ.എസ്) ടെസ്റ്റിന് വിധേയമാക്കിയപ്പോൾ തിരോധാനത്തിൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായി.
ജസ്നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ചപ്പോൾ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രമാണ് വിളിച്ചതെന്ന് വ്യക്തമായി. ജസ്നയ്ക്ക് സാധാരണ ഫോണാണുണ്ടായിരുന്നത്. സ്മാർട്ട് ഫോണില്ലാത്തതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നില്ല. ജി-മെയിൽ വഴിയും ആശയവിനിമയമില്ലെന്ന് കണ്ടെത്തി. കോവിഡ് പോർട്ടൽ പരിശോധിച്ചപ്പോൾ ജസ്ന വാക്സിനെടുത്തില്ലെന്നും വ്യക്തമായി.
ജെസ്നയെ സിറിയയിൽ കണ്ടെത്തിയെന്ന പ്രചാരണവും ശരിയല്ലെന്ന് സി.ബി.ഐ പറയുന്നു. ജെസ്നയ്ക്ക് പാസ്പോർട്ട് ഉണ്ടായിരുന്നില്ല. വിമാനയാത്ര നടത്തിയതായും കണ്ടെത്താനായിട്ടില്ല. പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇന്റർപോളുമായി ചേർന്ന് തിരച്ചിൽ നോട്ടീസിറക്കാനും കഴിഞ്ഞിട്ടില്ല. സി.ബി.ഐ ഇറക്കിയ ലുക്ക് ഔട്ട് സർക്കുലർ മാത്രമാണ് നിലവിലുള്ളത് – സി.ബി.ഐ വിശദീകരിച്ചു.
2018 മാർച്ച് 22 നാണ് ജെസ്നയെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല.
വീട്ടിൽനിന്ന് പോകുമ്പോൾ ജെസ്ന മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം ഫലം കാണാത്തതിനെത്തുടർന്നാണ് ഹൈക്കോടതി 2021ഫെബ്രുവരിയിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.
കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോൺ മൊബൈൽ നമ്പറുകൾ ശേഖരിച്ചു. 4,000 നമ്പറുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി കുടക്, ബെംഗളൂരു, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബംഗളൂരു വിമാനത്താവളത്തിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പലതവണ ബംഗളൂരുവിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ജെസ്നയെ കാണാതായ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിച്ചില്ല.
മുണ്ടക്കയത്തെ നിരീക്ഷണ കാമറയിൽ ജെസ്നയോടു സാദൃശ്യമുള്ള യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായെന്നും സി.ബി.ഐ പറയുന്നു.
ഒരാളെ കാണാതായാൽ ആദ്യ 48 മണിക്കൂർ നിർണായകമായ ഗോൾഡൻ അവറാണ്. കേരളാ പോലീസ് ഈ സമയം വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. ശരിയായ അന്വേഷണം പ്രാരംഭഘട്ടത്തിലുണ്ടായിട്ടില്ല. തിരച്ചിലിന് ഇന്റർപോൾ യെല്ലോ നോട്ടീസിറക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് ജസ്നയെക്കുറിച്ച് വിവരം കിട്ടിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്.