തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സി.ബി.ഐ ഉടനെത്തുമെന്ന് ഉറപ്പായി. അന്വേഷണം കൈമാറിയുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിൽ ഉടനടി നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ, കേസ് ഏറ്റെടുക്കുകയല്ലാതെ സി.ബി.ഐയ്ക്ക് മുന്നിൽ വേറെ വഴിയില്ലാതായി. അല്ലെങ്കിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടാനും ഇടയുണ്ട്.
ഓരോ നിമിഷവും വൈകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചതോടെയാണ് അന്വേഷണം സി.ബി.ഐയ്ക്ക് തന്നെയെന്ന് ഉറപ്പായത്. 18 ദിവസം വൈകിച്ച ശേഷമാണ് കേസന്വേഷണം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ സി.ബി.ഐയ്ക്ക് അയച്ചത്. ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുണ്ടെങ്കിൽ ഏത് കേസും സി.ബി.ഐ ഏറ്റെടുത്തേ പറ്റൂ.
കേസന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി.ബി.ഐ ആസ്ഥാനം തിരുവനന്തപുരത്തെ സി.ബി.ഐ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. എസ്.പിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ യൂണിറ്റാണ് ഇത്തരം കേസുകൾ അന്വേഷിക്കുന്നത്. ഈ കേസ് സി.ബി.ഐ അന്വേഷിക്കേണ്ട പ്രാധാന്യമുള്ളതാണോ എന്നാണ് ചെന്നൈയിലെ ജോയിന്റ് ഡയറക്ടർ വഴി, തിരുവനന്തപുരത്തെ യൂണിറ്റിനോട് ആരാഞ്ഞത്.
ഇവിടെ നിന്നുള്ള റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും കേസന്വേഷണം ഏറ്റെടുക്കുന്നതിൽ സി.ബി.ഐ ആസ്ഥാനം തീരുമാനമെടുക്കുക. കേസന്വേഷണം ഏറ്റെടുക്കണമെന്ന സർക്കാരിന്റെ വിജ്ഞാപനവും കേസ് രേഖകളും സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിൽ കേന്ദ്രത്തിന്റെ തീരുമാനവും നിർണായകമാണ്. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷ, അന്വേഷണത്തിന്റെ നാൾവഴി, മഹസർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതമാണ് വിജ്ഞാപനം കേന്ദ്രത്തിന് കൈമാറിയത്.
എസ്.എഫ്.ഐ നേതാക്കളുടെയടക്കം ക്രൂരമർദ്ദനത്തെ തുടർന്ന് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചത് സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്രസർക്കാരിന് ഗവർണർ ശുപാർശ ചെയ്യുമെന്നുറപ്പായപ്പോഴാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തയ്യാറായത്.
സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ താൻ ശുപാർശ ചെയ്യുകയാണെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം ഗവർണർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും. ഗവർണറുടെ ശുപാർശയിൽ സി.ബി.ഐ അന്വേഷണം വന്നാൽ അത് സർക്കാരിന് തിരിച്ചടിയാവുമെന്ന് മുന്നിൽ കണ്ടായിരുന്നു ഈ നീക്കം.
പെരിയ ഇരട്ടക്കൊല, വാളയാർകേസ്, മലബാറിലെ 7 രാഷ്ട്രീയകൊലക്കേസുകൾ, കസ്റ്റഡിക്കൊലകൾ അടക്കം ഒരുഡസൻ കേസുകൾ സി.ബി.ഐ അന്വേഷണത്തിലുണ്ട്. സംഭവത്തെക്കുറിച്ച് റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിന്റെ ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.
ഗുരുതര വീഴ്ചവരുത്തിയ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ഈ അന്വേഷണം. യൂണിവേഴ്സിറ്റി നിയമപ്രകാരം വി.സിയെ പുറത്താക്കാൻ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിയുടെ അന്വേഷണം വേണം. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം കമ്മിഷൻ അന്വേഷിക്കും.
അന്വേഷണ വിഷയങ്ങൾ ഇവയാണ്: സിദ്ധാർത്ഥിന്റെ ദാരുണ മരണത്തിനിടയാക്കിയ ഭരണപരമായ പിഴവുകൾ. റാഗിംഗും അക്രമവും തടയുന്നതിൽ വൈസ്ചാൻസലർ, ഡീൻ അടക്കം വെറ്ററിനറി സർവകലാശാലാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ. കുറ്റക്കാർ ആരൊക്കെ. മരണത്തിന് മുൻപും ശേഷവുമെടുത്ത നടപടികളിലെ വീഴ്ചകൾ. വാഴ്സിറ്റി ആക്ട്, സ്റ്റാറ്റ്യൂട്ട് പ്രകാരവും യു.ജി.സിയുടെ റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരവും സ്വീകരിക്കേണ്ട നടപടികളെടുക്കുന്നതിലെ വീഴ്ച. ദാരുണ സംഭവമൊഴിവാക്കുന്നതിൽ വി.സിക്കുണ്ടായ വീഴ്ച പ്രത്യേകമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും.