അജിത്-മകിഴ് തിരുമേനി ടീമിന്റെ ‘വിടാമുയർച്ചി’ എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിനും സഹതാരത്തിനും അപകടം സംഭവിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് പറയുകയാണ് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര.
അസർബൈജാനിലെ ഒരു ഹൈവേയിൽ ഒരു ആക്ഷൻ സീക്വൻസ് ഷൂട്ട് ചെയ്യുകയായിരുന്നു. അജിത് ഓടിച്ചിരുന്ന വാഹനത്തിൻ്റെ ടയറുകളിൽ ഒന്നിന്റെ കാറ്റുപോയതാകാം അപകടത്തിലേക്ക് നയിച്ചത് എന്ന് സുരേഷ് ചന്ദ്ര പറഞ്ഞു. ഒരു ചെക്കപ്പിന് ശേഷം അജിത്തും സഹതാരവും മൂന്നു മണിക്കൂറിനുള്ളിൽ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും സുരേഷ് ചന്ദ്രയെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം നവംബറിൽ അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരുവരും കാറിൽ സഞ്ചരിക്കവേ അജിത് ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുന്നു. കാർ മറിയുമ്പോൾ അജിത് ‘ഈസി ഈസി’ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.