ഡബ്ലിൻ : അയർലൻഡിലെ കാർ വിപണി മുൻ വർഷത്തെക്കാൾ 8% ഉയർന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവാണ് കാണാൻ കഴിയുന്നത്. 2023 ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2024 ലെ ആദ്യ പാദത്തിൽ ഇലക്ട്രിക് കാറുകളുടെ (ഇവി) വിൽപ്പന 14.2% ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
2024 മാർച്ച് അവസാനം വരെ രാജ്യത്ത് 62,807 കാറുകളാണ് പുതുതായി റജിസ്റ്റർ ചെയ്തെങ്കിലും ആദ്യ മൂന്ന് മാസങ്ങളിൽ ഇത് 58,151 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 9,297 ഇവി കാറുകൾ റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ, ഇത്തവണ അത് 7,971 ആയി കുറയുകയും ചെയ്തിട്ടുണ്ട്.
ഇലക്ട്രിക് കാറുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ പെട്രോൾ കാറുകളുടെ വിൽപ്പന 14.8%, റെഗുലർ ഹൈബ്രിഡുകളുടേത് 19.5%, പെട്രോൾ/പ്ലഗ്-ഇൻ ഹൈബ്രിഡ് (പിഎച്ച്ഇവി) കാറുകളുടെ വിൽപ്പന 10.7% എന്നിങ്ങനെ വർധിച്ചു. ഡീസൽ കാറുകളുടെ വിൽപ്പനയും 9% വർധന രേഖപ്പെടുത്തി. ഈ വർഷം പുതുതായി റജിസ്റ്റർ ചെയ്ത കാറുകളിൽ 33.4% പെട്രോൾ, 23% ഡീസൽ, 22.77% ഹൈബ്രിഡ്, 12.7% ഇവി, 8.1% പിഎച്ച്ഇവി എന്നിങ്ങനെയാണ് കണക്ക്.