തിരുവനന്തപുരം: ജോലിക്കായി കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരിൽ ക്രിമിനലുകളുടെ എണ്ണം കൂടുന്നു. 2016 മുതൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് 10, 546 അതിഥി തൊഴിലാളികളാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നാണ് മന്ത്രി പറയുന്നത് . എന്നിട്ടും ഇവരെക്കുറിച്ച് കൃത്യമായ ഡേറ്റാബേസ് തയ്യാറാക്കാനോ നിരീക്ഷിക്കാനോ സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ശ്രമിച്ചിട്ടില്ല. ആഭ്യന്തരവകുപ്പിനാകട്ടെ അതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

തൃശൂർ വെളപ്പായയിൽ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഒഡിഷ സ്വദേശിയും വളർത്തു നായയെചൊല്ലി ഹൈക്കോടതി ഡ്രൈവറെ മർദിച്ചു കൊന്ന കേസിൽ ഉത്തരേന്ത്യൻ സ്വദേശികളും അറസ്റ്റിലായിരുന്നു.
 ‍2016 ഏപ്രിലിൽ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ ആസാം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ കിട്ടിയശേഷവും ഇത്തരം നിരവധി കേസുകളുണ്ടായി. 2016- 23 കാലത്ത് 168 അന്യസംസ്ഥാനക്കാർ പ്രതികളായ 127 കൊലക്കേസുകളുണ്ട്.
ലഹരിവിൽപ്പനയ്ക്ക് നൂറുകണക്കിന് കേസുകൾ വേറെയുമുണ്ട്. കൂടുതൽ അന്യസംസ്ഥാനക്കാരുള്ള എറണാകുളത്തിന് പിന്നിൽ മലപ്പുറവും തൃശൂരുമാണ്. മാരകമായ ലഹരി ഉപയോഗിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കേസുകൾ കൂടുകയാണ്.
അതിഥി തൊഴിലാളികളുടെ ഇൻഷുറൻസ് ആനുകൂല്യങ്ങളും നൽകുന്ന ആവാസ് പദ്ധതിയിൽ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് സർക്കാരിന്റെ പക്കലുള്ള ഏക കണക്ക്. 2013 ൽ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തിൽ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷം ആണെന്ന് വ്യക്തമാക്കിയിരുന്നു.

നിലവിൽ 35 ലക്ഷത്തിലധികം പേർ ഉണ്ടാകുമെന്നാണ് നിഗമനം. 29 സംസ്ഥാനങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റം നടക്കുന്നത്. ഇവയിൽ അഞ്ചിൽ നാലു ഭാഗവും വരുന്നത് പശ്ചിമബംഗാൾ, തമിഴ്‌നാട് ,കർണാടക, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഉത്തർ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേനയെത്തുന്നുണ്ട്. കൊടും കുറ്റവാളികൾ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ കൊടും ക്രൂരകൃത്യങ്ങളുടെ കേസുകൾ നിരവധിയാണ്. തിരുവനന്തപുരത്ത്  കേശവദാസപുരത്തെ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയതും പേരൂർക്കട അമ്പലമുക്കിൽ ചെടി നഴ്‌സറി ജീവനക്കാരിയെ കുത്തികൊലപ്പെടുത്തി സ്വർണ്ണമാല കവർന്നതും അന്യസംസ്ഥാന തൊഴിലാളികളാണ്.
അരൂരിൽ ബാറിൽ മദ്യപിച്ച് തർക്കത്തെതുടർന്ന് അസം സ്വദേശിയെ അന്യസംസ്ഥാനക്കാരൻ കൊന്നു. റബർ ഫാക്ടറിയിലെ മോഷണം തടഞ്ഞതിന് സെക്യൂരിറ്റി ജോസിനെ അസംസ്വദേശി തലയ്ക്കടിച്ച് കൊന്നു. പത്തനംതിട്ടയിൽ കുടിയേറ്റ തൊഴിലാളിയെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തി. മലപ്പുറത്ത് മോഷണശ്രമത്തിനിടെ സ്ത്രീയെ 2 അസം സ്വദേശികൾ കൊലപ്പെടുത്തി.  
എറണാകുളം പുത്തൻവേലിക്കരയിൽ 60 വയസുകാരിയെ കൊലപ്പെടുത്തിയത് അസംകാരനാണ്. എറണാകുളത്ത് 14 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് 4 അന്യസംസ്ഥാനക്കാരായിരുന്നു. കിഴക്കമ്പലം കിറ്റക്സിൽ പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായത് 174അന്യസംസ്ഥാനക്കാരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *