കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്സിഎൽ) കൊല്ലത്ത് താജ് ബ്രാൻഡഡ് റിസോർട്ട് തുടങ്ങുന്നു. ബ്രൗണ്‍ ഫീൽഡ് പദ്ധതിയിലുള്‍പ്പെടുന്ന റിസോർട്ടിനായുള്ള ധാരണാപത്രം ഒപ്പിട്ടു.
തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് 13 ഏക്കര്‍ സ്ഥലത്താണ് പുതിയ റിസോർട്ട് വരുന്നത്. 600 അടിയോളം ബീച്ച്ഫ്രണ്ട് ഏരിയ റിസോർട്ടിനുണ്ട്. അറേബ്യന്‍ കടലിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന 205 മുറികള്‍ ഉള്‍പ്പെടുന്നതാണ് റിസോര്‍ട്ട്. മുഴുവന്‍ സമയ റെസ്റ്റോറന്‍റ്, ഒരു സ്പെഷ്യാലിറ്റി വെജിറ്റേറിയന്‍ റെസ്റ്റോറന്‍റ്, ചിക് ബാര്‍, സ്പാ, സ്വിമ്മിംഗ് പൂള്‍, പൂർണമായി സജ്ജീകരിച്ച ജിം എന്നീ സൗകര്യങ്ങളും റിസോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോർപ്പറേറ്റ് പരിപാടികളും സോഷ്യല്‍ ഇവന്‍റുകളും നടത്താന്‍ പാകത്തിന് 20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വിശാലമായ ബാങ്ക്വറ്റ് സ്പേസും പുൽത്തകിടിയും റിസോർട്ടിന്‍റെ ഭാഗമായി ഉണ്ടാകും. കേരളത്തില്‍ ഐഎച്ച്സിഎല്ലിന്‍റെ ദീർഘകാലമായുള്ള സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ റിസോർട്ടിന്‍റെ വരവോടെയെന്ന് ഐഎച്ച്സിഎ‍‍ൽ മാനേജിംഗ് ഡയറക്ടര്‍ ആന്‍റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പുനീത് ഛത്‍വാള്‍ പറഞ്ഞു. മനോഹര പ്രകൃതിദൃശ്യങ്ങള്‍ക്കും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട തുറമുഖ നഗരമായ കൊല്ലത്തിന് ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള എല്ലാവിധ സാധ്യതയുണ്ടെന്നും അദ്ദേഹം  വ്യക്തമാക്കി.
റിസോർട്ടിന്‍റെ വികസനത്തിന് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ മുൻനിരക്കാരായ ഐഎച്ച്സിഎല്ലുമായി സഹകരിക്കുന്നതി‍ല്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ജോയ്സ് ദ  ബീച്ച് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ചാക്കോ പോള്‍ പറഞ്ഞു. കൊല്ലത്തിന് ആഗോള ടൂറിസ്റ്റ് ഭൂപടത്തില്‍ ഐഎച്ച്സിഎല്‍ ഒരു പ്രമുഖ സ്ഥാനം നേടിക്കൊടുക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഹോട്ടല്‍ വരുന്നതോടു കൂടി ഐഎച്ച്സിഎല്ലിന് താജ് സെലക്ഷൻസ്, വിവാന്ത, ജിഞ്ചര്‍ ബ്രാൻഡുകളിലായി കേരളത്തില്‍ 20 ഹോട്ടലുകളാകും. ഇതില്‍ ആറെണ്ണത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *