കാളികാവ്: ഉദരംപൊയിലിലെ രണ്ടരവയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. ദൃക്‌സാക്ഷിയായ സഹോദരീ ഭര്‍ത്താവ് സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് പറയുന്നത്.
കുട്ടി മരിച്ചശേഷം പോസ്റ്റുമോര്‍ട്ടത്തിനു മുമ്പായി നടത്തിയ സംഭാഷണമാണ് പുറത്തായത്. പൈശാചികമായിട്ടാണ് പിതാവ് കുട്ടിയോടു പെരുമാറിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃക്‌സാക്ഷിയുടെ സംഭാഷണം.
”വീട്ടില്‍ വന്നുകയറിയ ഉടനെ പിതാവായ ഫായിസ് കുട്ടിയെ മര്‍ദിക്കാന്‍ തുടങ്ങി. ജീവരക്ഷയ്ക്കായി കുഞ്ഞ് ഫായീസിന്റെ മാതാവിന്റെ അരികില്‍ അഭയംതേടി. രണ്ടു മിനിറ്റുകള്‍ക്കുശേഷം കുട്ടിയെ മാതാവിന്റെ മടിയില്‍നിന്ന് വലിച്ചിട്ട് ഫായിസ് ചവിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റ് കുട്ടിയുടെ തല ചുമരില്‍ച്ചെന്ന് ഇടിച്ച് കുട്ടി വീണു. ചവിട്ടിത്തെറിപ്പിച്ച ശേഷം കുട്ടി അനങ്ങിയിട്ടില്ല.
കൃത്യംനടന്ന ദിവസം രാവിലെ ഫായിസ് കുട്ടിയുമായി സമീപത്തുള്ള റബ്ബര്‍ത്തോട്ടത്തില്‍ പോയിരുന്നു. മല കയറുന്നതിനിടയില്‍ വേഗത പോരെന്നു പറഞ്ഞ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. റബ്ബര്‍ത്തോട്ടത്തിലൂടെ കുട്ടി ഉരുണ്ടുമറിഞ്ഞു. ഞാനും ഭാര്യയും ഉമ്മയും മാപ്പുസാക്ഷികളായി തടി ഊരും.
കുട്ടി തന്റേതല്ലെന്ന് പറഞ്ഞാണ് ഫായിസ് മര്‍ദിച്ചിരുന്നത്. മൊഴി നല്‍കാന്‍ പോലീസ് ചെല്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നും കണ്ടില്ലെന്നു പറഞ്ഞാലോ…”- സഹോദരീ ഭര്‍ത്താവ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
കുട്ടി മരിച്ചശേഷം ഫായിസ് വിളിച്ചിരുന്നെന്നും എന്തെങ്കിലും ചെയ്‌തോയെന്നു ചോദിച്ചപ്പോള്‍ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയെന്നാണ് മറുപടി പറഞ്ഞതെന്നും സുഹൃത്ത് പറയുന്നുണ്ട്. കുട്ടിയെ മര്‍ദിക്കുന്നത് ആരും തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും സഹോദരീ ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായ ഫായിസിന്റെ മാതാവ് ഉള്‍പ്പെടെ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ്പോലീസിനോട് പറഞ്ഞത്.