പാലാ: കെ. എം മാണി സ്മരണയില്‍ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ക്ക് പാലായില്‍ തുടക്കമായി.

രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ കെ.എം മാണി സാറിന്‍റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യ പര്യടന കേന്ദ്രമായ കൊല്ലപ്പള്ളിയ്ക്ക് ചാഴികാടന്‍ യാത്ര തിരിച്ചത്. കരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്നു.

രാഷ്ട്രീയത്തിനതീതമായി 53 വര്‍ഷം പാലായിലെ ജനപ്രതിനിധിയായിരിക്കാന്‍ കെ.എം മാണി സാറിന് കഴിഞ്ഞത് വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പം നിന്നതിനാലാണെന്നും ആ മാണി സാര്‍ പകര്‍ന്നു നല്‍കുന്ന ഊര്‍ജമാണ് തന്‍റെ ശക്തിയെന്നും ചാഴികാടന്‍ പറഞ്ഞു.

33 വര്‍ഷത്തെ കെ.എം മാണി സാറുമായുള്ള ബന്ധത്തില്‍ ഏറ്റവും അവസാനം അദ്ദേഹം എന്നോടു പറഞ്ഞ അവസാനത്തെ വാക്കുകള്‍ “ടോമി ജനത്തിന് വേണ്ടത് വികസനമാണ്. അതുണ്ടെങ്കില്‍ രാഷ്ട്രീയം നോക്കാതെ ജനം വോട്ട് ചെയ്യും” എന്നതായിരുന്നു. അര നൂറ്റാണ്ടിനപ്പുറം നീണ്ട ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ മാണി സാറിന്‍റെ ഏറ്റവും അവസാനത്തെ പത്രസമ്മേളനവും അവസാന തീരുമാനവും എന്ന ലോക്സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതായിരുന്നു.

മാണി സാര്‍ പറഞ്ഞ ആ വാക്കുകളാണ് 100 ശതമാനം ഫണ്ട് വിനിയോഗത്തിനും 4100 കോടിയുടെ പദ്ധതികള്‍ കോട്ടയത്തെത്തിക്കാനും എനിക്ക് കരുത്തായത് – തോമസ് ചാഴികാടന്‍ പറഞ്ഞു. പാലാ നിയോജക മണ്ഡലം പര്യടനത്തിന്‍റെ തുടക്കം കൊല്ലപ്പള്ളി ടൗണില്‍ മന്ത്രി വി.എന്‍ വാസവനാണ് നിര്‍വ്വഹിച്ചത്.

100 ശതമാനം ഫണ്ട് വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ ഒന്നാമനായ എംപിയെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയത്ത് വീണ്ടും മത്സരിപ്പിക്കുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ വികസനവും വ്യക്തിത്വവുമാണ് തോമസ് ചാഴികാടനെ മുന്നിലെത്തിക്കുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ജോസ് കെ മാണി എംപിയും പര്യടന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥനയുമായി കടകള്‍ കയറിയിറങ്ങി. പാലാ നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനമാണ് ചൊവ്വാഴ്ച നടക്കുന്നത്. കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളിലാണ് പര്യടനം നടക്കുന്നത്. രാത്രി 8.30 -ന് പൈക ടൗണിലാണ് ഒന്നാം ഘട്ട പര്യടനത്തിന്‍റെ സമാപനം.

By admin

Leave a Reply

Your email address will not be published. Required fields are marked *