ഡല്‍ഹി: അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. രാവിലെ പത്തരയ്ക്കാണ് നിർണായക വിധി. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് കോടതി വാദം കേട്ടത്. 
കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളം അധികമായി ചോദിച്ച തുക നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു വ്യക്തമാക്കിയിരുന്നു.
നേരത്തെ 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം മുഖം തിരിക്കുകയാണ് ചെയ്തത്. 
കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം സമ്മതിച്ചിരുന്നു. കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ  ഹർജി പിൻവലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുൻ നിലപാട്  തിരുത്തിയാണ് സമ്മതം അറിയിച്ചത്.
ഈ ഉപാധിയെ  സുപ്രിംകോടതി വിമർശിച്ചതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റാൻ കേന്ദ്രം തയ്യാറായത്. കേന്ദ്രം ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ് വിമർശിച്ചത്. ഹർജി നല്‍കാനുള്ളത് എല്ലാവരുടെയും അവകാശമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *