ചൂട് കൂടിയതോടെ തലയിലെ താരന്റെ പ്രശ്‌നവും കൂടിയിട്ടുണ്ട്. ശിരോചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കാന്‍ തലമുടിയില്‍ നിന്നും എണ്ണമെഴുക്കും പൊടിയുമൊന്നുമില്ലാതെ സൂക്ഷിക്കണം. അതിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ വരുത്തുന്ന തെറ്റുകള്‍ താരന്‍ കൂടുന്നതിന് കാരണമാകും. ഭക്ഷണക്രമത്തിലെ തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
മധുരത്തിന്റെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടേയും അധിക ഉപയോഗം താരന്‍ കൂടാനുള്ള സാധ്യത കൂട്ടും.അതിനാല്‍ മധുരമുള്ള ലഘുഭക്ഷണങ്ങള്‍, സോഡകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പകരം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കാം.
സിങ്ക്, ബി വിറ്റാമിനുകള്‍, ബയോട്ടിന്‍, ബി 12, ബി6 എന്നിവ ആരോഗ്യകരമായ ചര്‍മത്തിന്റെയും തലയോട്ടിയുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ഈ പോഷകങ്ങളുടെ അഭാവം താരന് കാരണമാകും. അതിനാല്‍ മത്തങ്ങ വിത്തുകള്‍ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ധാന്യങ്ങള്‍, മുട്ടകള്‍, ഇലക്കറികള്‍ തുടങ്ങിയ വിറ്റാമിന്‍ ബി സ്രോതസ്സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവുമൂലം തലയോട്ടിയില്‍ വരള്‍ച്ചയും താരനും വന്നുപെടും. അതിനാല്‍ ഫാറ്റി ഫിഷ്, മത്തി, ഫ്‌ളാക്‌സ് സീഡുകള്‍, വാള്‍നട്‌സ് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.
വെള്ളം കുടിക്കുന്നത് കുറയുന്നതും ചര്‍മത്തിന്റെയും ശിരോചര്‍മ്മത്തിന്റെയും ആരോഗ്യം നഷ്ടപ്പെടുത്തും. ഇതിനാലും താരന്‍ ഉണ്ടാകാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കാം. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും പ്രയോജനം ചെയ്യും. അമിത മദ്യപാനവും തലമുടിയുടെ ആരോഗ്യത്തെ മോശമാക്കും. ഇതു മൂലവും താരന്‍ വരും. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്.