പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അനുജ 2021ൽ എഴുതിയ കവിതയിലെ വരികള്‍ ശ്രദ്ധേയമാകുന്നു.കവിതയിലെ വരികൾ അന്വർഥമാക്കുന്നതുപോലെയായി അനുജയുടെ മരണമെന്നാണ് അടുത്തറിയുന്നവർ പറയുന്നത്.
വികലമായ പകലുകൾ
ചുട്ടുപൊള്ളുന്ന വീഥികൾ
നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു
ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ
അവിടെ യുദ്ധം രണ്ടുപേർമാത്രം…..
കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരിച്ചത്.
കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഒരു വർഷം മുമ്പാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. അനുജ കൈവിട്ടു പോകുമെന്ന തോന്നലാണ് ഹാഷിമിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കാർ ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അനുജയും സുഹൃത്ത് ഹാഷിമും മരിച്ചത്.