ദുബൈ: വീണ്ടും നേട്ടത്തിന്റെ പടിവാതിലിലെത്തി ദുബൈ. ലോകത്തെ അതിസമ്പന്നരായ വ്യക്തികൾ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ 22ാം സ്ഥാനത്ത്. നിലവിലെ കണക്കനുസരിച്ച് 24 ശതകോടീശ്വരന്മാരാണ് യു.എ.ഇയിൽ താമസിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അതിസമ്പന്നരുടെ എണ്ണം 5ശതമാനമാണ് 2024ൽ വർധിച്ചിട്ടുള്ളത്. ശതകോടീശ്വരൻമാർ കേന്ദ്രമാക്കിയ നഗരങ്ങളുടെ പട്ടികയിൽ ദുബൈക്ക് 28ാം സ്ഥാനണാണ്. ഈ വർഷം ജനുവരി 15വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പട്ടിക പ്രകാരം ദുബൈയിൽ താമസമാക്കിയിരിക്കുന്നവരുടെ സമ്പത്ത് 9ശതമാനം വർധിച്ചയാതും പറയുന്നു.
നഗരങ്ങളുടെ പട്ടികയിൽ ന്യൂയോർക്ക് വീണ്ടും ലോകത്തെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി. ലണ്ടനാണ് രണ്ടാം സ്ഥാനത്തുള്ളത്. മുംബൈ മൂന്നാം സ്ഥാനത്തും ബെയ്ജിങും ഷാങ്ഹായും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുമെത്തി. പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ടെസ്ല കമ്പനി ഉടമ ഇലോൺ മസ്കാണ്. ഈ പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യക്കാരനായ മുകേഷ് അംബാനിയുള്ളത്.
ലോകത്തെ 73 രാജ്യങ്ങളിൽ നിന്നുള്ള 2,435 കമ്പനികളിൽ നിന്നുള്ള 3,279 സമ്പന്നരാണ് ഹുറുൺ ഗ്ലോബൽ റിച്ച് പട്ടികയിൽ ഇടംപിടിച്ചത്.പട്ടിക പ്രകാരം ശതകോടീശ്വരന്മാരുടെ ലോക തലസ്ഥാനമെന്ന സ്ഥാനം ചൈന നിലനിർത്തിയിട്ടുണ്ട്. 814 അതിസമ്പന്നരാണ് ചൈനയിലുള്ളത്. എന്നാൽ മുൻ വർഷത്തിൽ 155 ശതകോടീശ്വരന്മാർ ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 109പേർ പുതുതായി എത്തിച്ചേർന്നിട്ടുണ്ട്. ആകെ 800 ശതകോടീശ്വരന്മാരാണ് യു.എസിൽ താമസിക്കുന്നത്.
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊത്തം 271 ശതകോടീശ്വരന്മാരുണ്ട്. 84 അതിസമ്പന്നർ ഇന്ത്യയുടെ പട്ടികയിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടവരാണ്. 146 ശതകോടീശ്വരന്മാരുമായി ബ്രിട്ടനാണ് നാലാം സ്ഥാനത്തെത്തിയത്. 140 പേരുമായി ജർമ്മനി അഞ്ചാം സ്ഥാനത്താണ്.