ഹൈദരാബാദ്: 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സുഹൃത്തുക്കളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്നാണ് ആന്ധ്രാപ്രദേശിലെ അനകപള്ളി സ്വദേശിയും പോളിടെക്‌നിക് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്് പെണ്‍കുട്ടി സഹോദരിക്ക് മരണകാരണം അറിയിച്ചുള്ള മെസേജ് അയച്ചതായി പോലീസ് അറിയിച്ചു. കോളേജിലുളള ചില സഹപാഠികളില്‍ നിന്ന് ലൈംഗികാതിക്രമം നിരന്തരമായി നേരിട്ടെന്നും സംഭവത്തില്‍ പരാതി നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും പരാതിപ്പെട്ടാല്‍ തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് സഹപാഠികള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മെസേജിലൂടെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം കോളേജ് അധികൃതര്‍ മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍, വെളളിയാഴ്ച പുലര്‍ച്ചെ 12.50ന് പെണ്‍കുട്ടി വീട്ടുകാരോട് പരിഭ്രമിക്കണ്ടെന്നും തനിക്ക് ഒന്നുംപറ്റിയിട്ടില്ലെന്നും മെസേജ് ചെയ്യുകയായിരുന്നു.
”ഞാന്‍ പറയുന്നത് വ്യക്തമായി മനസിലാക്കുക. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും എന്നെ നന്നായാണ് വളര്‍ത്തിയത്. ഞാന്‍ ജീവിതം അവസാനിപ്പിക്കുകയാണ്. ഒരമ്മയാകാന്‍ പോകുന്ന ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇഷ്ടപ്പെട്ടത് പഠിക്കണം. മറ്റുളളവര്‍ പറയുന്നത് കേള്‍ക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകണം. എന്നെ പോലെയാകരുത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ. നല്ലൊരു ജീവിതമുണ്ടാകട്ടെ.
കോളേജില്‍ നിന്നുണ്ടായ ദുരനുഭവം അധ്യാപകരെ അറിയിക്കാന്‍ സാധിച്ചിരുന്നില്ല. കാരണം പ്രതികള്‍ തന്റെ ചിത്രങ്ങള്‍ എടുത്തിരുന്നു. ശേഷം ഭീഷണിയും മുഴക്കിയിരുന്നു. ഞാന്‍ മാത്രമല്ല ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. മറ്റുളള പെണ്‍കുട്ടികളും ഇരകളാണ്. അവരുടെയും അവസ്ഥയും സമാനമാണ്. ഞങ്ങള്‍ ഈ വിവരം പൊലീസില്‍ അറിയിച്ചാല്‍ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തും. എന്റെ ഈ തീരുമാനത്തില്‍ നിങ്ങള്‍ കുറച്ച് നാള്‍ സങ്കടപ്പെടും. അതുകഴിഞ്ഞാല്‍ മറക്കും. പകരം ഞാന്‍ ജിവിച്ചിരുന്നാല്‍ വീണ്ടും സങ്കടത്തിന് കാരണമാകും. ചേച്ചി ക്ഷമിക്കണം. ഞാന്‍ പോകുന്നു..” ”- ഇതായിരുന്നു പെണ്‍കുട്ടിയുടെ മെസേജ്.
മെസേജ് കണ്ടയുടനെ ആത്മഹത്യ ചെയ്യരുതെന്ന് വീട്ടുകാര്‍ തിരികെ അറിയിച്ചെങ്കിലും പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായില്ല. മകളുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ പിതാവ് പോലീസില്‍ പരാതി നല്‍കി.