ന്യൂഡല്‍ഹി: സർക്കാർ മാറുമ്പോൾ, ‘ജനാധിപത്യം ശിഥിലമാക്കുന്ന’വർക്കെതിരെ തീർച്ചയായും നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനി ഇതൊക്കെ ചെയ്യാൻ ആർക്കും ധൈര്യം വരാത്ത തരത്തിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതാണ് തന്റെ ‘ഗ്യാരണ്ടി’യെന്നും രാഹുല്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാണ് രാഹുലിന്റെ ആരോപണം. പിഴയും പലിശയുമടക്കം 1800 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
പ്രധാന പ്രതിപക്ഷത്തെ ദ്രോഹിക്കാനുള്ള ആയുധമായി ഐടി വകുപ്പിനെ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികള്‍ കോണ്‍ഗ്രസിനെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.