ഗാസൻ ജനത മിഴുപ്പട്ടിണിയിൽ കഴിയുന്ന   സാഹചര്യത്തിൽ   ഭക്ഷ്യസഹായവിതരണം തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ പരാതി പരിഗണിക്കുന്ന അന്താരാഷ്ട്ര കോടതി ജഡ്ജിമാരുടെ പാനലാണ് ഈ വിധിപ്രസ്താവവും നടത്തിയത്.
ഏകകണ്ഠമായായിരുന്നു ജഡ്ജിമാർ വിധി പുറപ്പെടുവിച്ചത്. ഗാസയിലെ ജനങ്ങൾ മോശമായ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയാണെന്നും പട്ടിണി പടരുകയാണെന്നും അവർ പറഞ്ഞു. പട്ടിണിയുടെ അപകടസാധ്യതയല്ല ക്ഷാമത്തിന്റെ പിടിയിലേക്ക് അമരുകയാണ് ഗാസയെന്നും കോടതി നിരീക്ഷിച്ചു. അടിയന്തര അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും ഉൾപ്പെടെ എല്ലാ നടപടികളും ഐക്യരാഷ്ട്രസഭയുമായി പൂർണ സഹകരണത്തോടെ, കാലതാമസമില്ലാതെ, ഉറപ്പാക്കാൻ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ പ്രകാരം, ഗാസയിലെ ജനങ്ങളുടെ ഏതെങ്കിലും അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സൈന്യം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനും ഐസിജെ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതേസമയം വംശഹത്യ നടത്തുന്നതായി ഇസ്രയേൽ ഇതുവരെയും അംഗീകരിച്ചിട്ടില്ല. പ്രതിരോധം മാത്രമാണ് നടത്തുന്നത് എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. അതേസമയം ഹമാസ് ബന്ദികളാക്കിയവരുടെ അടിയന്തര മോചനവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *