പത്തനംതിട്ട: അടൂരിൽ കാറപകടത്തിൽ രണ്ട് പേർ മരിച്ചതിൽ ദുരൂഹതയേറുന്നു. അമിത വേഗത്തിൽ വന്ന കാറ് ലോറിയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന വിവരമാണ് അപകടത്തിൽ ദുരൂഹതയേറ്റുന്നത്. യാദൃശ്ചികമായി സംഭവിച്ച അപകടമല്ല, കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നുതന്നെയാണ് പൊലീസിൻെറയും പ്രാഥമിക നിഗമനം.  
കാറുമായി കൂട്ടിയിടിച്ച ലോറിയുടെ ഡ്രൈവർ, അപകടത്തിൽ മരിച്ച യുവതിയുടെ സഹപ്രവർത്തകർ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസും സംശയകരമായ മരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. മൊഴികൾ വിലയിരുത്തിക്കൊണ്ടിരിക്കുന്ന പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അടൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അടൂർ പട്ടാഴി മുക്കിൽ കാറും കണ്ടെയ്നർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന നൂറനാട് സ്വദേശിനി അനൂജയും ചാരുംമൂട് സ്വദേശി ഹാഷിമും മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്കൂളിലെ അധ്യാപികയാണ് മരിച്ച അനൂജ. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
സ്കൂളിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി അനൂജയെ വാഹനം തടഞ്ഞുനിർത്തി ഹാഷിം കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷമാണ് പട്ടാഴി മുക്കിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും ട്രാക്ക് തെറ്റി വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നുമാണ് കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ റംസാൻ പറയുന്നത്. ഹരിയാന സ്വദേശിയാണ് ലോറി ഡ്രൈവർ റംസാൻ. ലോറി വേഗത കുറച്ചാണ് വന്നതെന്നും ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൽ സംശയം ജനിപ്പിക്കുന്ന മറ്റ് മൊഴികളും പുറത്തുവരുന്നുണ്ട്. അപകടത്തിൽപ്പെട്ട കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടുവെന്ന് പിന്നിലായി യാത്രചെയ്തു വന്ന മറ്റൊരു കാറിൻെറ ഡ്രൈവർ അടൂർ സ്വദേശി ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കാറിൻെറ ഒരു വശത്തെ ഡോറിന് പുറത്തേക്ക് കാലുകൾ നീണ്ടു കിടക്കുന്നത് കണ്ടു. കാറിനുളളിൽ മർദ്ദനമോ പിടിവലിയോ നടന്നതായി സംശയമുണ്ട്. കാറിനുളളിൽ നിന്ന് ഒരു സ്ത്രീ പുറത്തിറങ്ങി നിൽക്കുന്നതായി കണ്ടുവെന്നും അപകടത്തിൽപ്പെട്ട കാറിന് പിന്നിലായി വന്ന ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
വിനോദയാത്ര പോയ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയ ശേഷം അനൂജയെ സഹപ്രവർത്തകൻ ഫോണിൽ വിളിച്ചിരുന്നു. സുരക്ഷിതയാണെന്നായിരുന്നു അപ്പോൾ അനൂജ അവരെ അറിയിച്ചത്. പിന്നീട് മറ്റൊരു സഹപ്രവർത്തകയും അനൂജയെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ കരഞ്ഞ് കൊണ്ടാണ് സംസാരിച്ചതെന്നും അവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഇതൊക്കെയാണ് രണ്ട് പേരുടെയും മരണത്തിന് കാരണമായ അപകടം യാദൃശ്ചികമല്ലെന്ന വിലയിരുത്തലിലേക്ക് പൊലിസ് എത്താൻ കാരണം. പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ അപകടത്തിലെ ദുരൂഹത നീക്കാനാണ് പൊലീസിൻെറ ശ്രമം. 

By admin

Leave a Reply

Your email address will not be published. Required fields are marked *