ലഖ്‌നൗ: പിലിഭിത്തില്‍ ബിജെപി തഴഞ്ഞതിന് പിന്നാലെ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതി വരുണ്‍ ഗാന്ധി. മാർച്ച് 25 ന് പുറത്തിറക്കിയ പാർട്ടിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിൽ ഉത്തർപ്രദേശിലെ പിലിബിത്ത് സീറ്റിൽ വരുണിനെ ഒഴിവാക്കി ജിതിന്‍ പ്രസാദയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിന് പിന്നാലെയാണ് വികാരനിര്‍ഭരമായ കത്ത് വരുണ്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
“ഇന്ന്, ഞാൻ ഈ കത്ത് എഴുതുമ്പോൾ, എണ്ണമറ്റ ഓർമ്മകൾ എന്നെ വികാരഭരിതനാക്കി. 1983ൽ അമ്മയുടെ വിരൽ പിടിച്ച് ആദ്യമായി പിലിഭിത്തിലെത്തിയ 3 വയസ്സുള്ള ആ കൊച്ചുകുട്ടി, ഒരുനാൾ ഈ ഭൂമി തൻ്റെ ജോലിസ്ഥലമാകുമെന്നും ഇവിടെയുള്ളവർ തൻ്റെ കുടുംബമാകുമെന്നും എങ്ങനെയറിയാനാണ്. വർഷങ്ങളോളം പിലിഭിത്തിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു.
प्रणाम पीलीभीत 🙏 pic.twitter.com/D6T3uDUU6o
— Varun Gandhi (@varungandhi80) March 28, 2024
പിലിഭിത്തിൽ നിന്ന് എനിക്ക് ലഭിച്ച ആദർശങ്ങളും ലാളിത്യവും ദയയും ഒരു എംപി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും എൻ്റെ വളർച്ചയിലുംലും വികസനത്തിലും വലിയ സംഭാവന നൽകിയിട്ടുണ്ട്. നിങ്ങളുടെ പ്രതിനിധിയാകുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്, എൻ്റെ കഴിവിൻ്റെ പരമാവധി നിങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഞാൻ എപ്പോഴും പോരാടിയിട്ടുണ്ട്”-വരുണ്‍ കുറിച്ചു.
“എംപി എന്ന നിലയിലുള്ള എൻ്റെ കാലാവധി അവസാനിക്കാറായെങ്കിലും പിലിഭിത്തുമായുള്ള എൻ്റെ ബന്ധം അവസാന ശ്വാസം വരെ അവസാനിപ്പിക്കാനാവില്ല. ഒരു മകനെന്ന നിലയിൽ, എൻ്റെ ജീവിതകാലം മുഴുവൻ നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
എൻ്റെ വാതിലുകൾ എല്ലായ്പ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും. സാധാരണക്കാരൻ്റെ ശബ്ദമുയർത്താനാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്, എന്ത് വിലകൊടുത്തും ഈ ജോലി എപ്പോഴും തുടരാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ഞാനും പിലിഭിത്തും തമ്മിലുള്ള ബന്ധം സ്‌നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ബന്ധമാണ്, അത് ഏതൊരു രാഷ്ട്രീയ യോഗ്യതയ്ക്കും അതീതമാണ്. ഞാൻ എന്നും നിങ്ങളുടേതായിരിക്കും”-വരുണ്‍ എഴുതി