ദക്ഷിണ കൊറിയയിൽ ഏകദേശം 1.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. തിരിച്ചുവിളിച്ച വാഹനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ തകരാർ ഉണ്ടെന്ന് കരുതപ്പെടുന്നു. അത് പരിഹരിക്കാനാണ് തിരിച്ചുവിളി. ലോ-വോൾട്ടേജ് ബാറ്ററികളുടെ ഊർജ്ജത്തെ ബാധിക്കുകയും വാഹനമോടിക്കുമ്പോൾ വാഹനം ഷട്ട്ഡൗണാകാൻ സാധ്യതയുള്ളതുമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തിരിച്ചുവിളിയുടെ ലക്ഷ്യം.
തിരിച്ചുവിളിക്കൽ നടപടിക്രമം മാർച്ച് 18 മുതൽ ആരംഭിച്ചു. ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം പറയുന്നതനുസരിച്ച്, ഹ്യുണ്ടായ് 113,916 ഇവികൾ തിരിച്ചുവിളിക്കും. ഇത് അയോണിക്-സീരീസ്, ജെനസിസ് ലൈനപ്പ് എന്നിവയുൾപ്പെടെ വിവിധ മോഡലുകളെ ബാധിക്കുന്നു. അതേസമയം കിയ 56,016 ഇവികൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു. ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റുകളുടെ സോഫ്‌റ്റ്‌വെയറിലാണ് കണ്ടെത്തിയ പിശക്.
അത്തരം തകരാറുകൾ ലോ-വോൾട്ടേജ് ബാറ്ററി പവർ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് വാഹനം നിർത്താൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. നേരത്തെ 2023 ജൂണിൽ, ഹ്യുണ്ടായിയുടെ അയോണിക്ക് 5 ഇലക്ട്രിക് എസ്‌യുവിയിലെ വൈദ്യുതി നഷ്ടത്തെക്കുറിച്ച് അമേരിക്കയിൽ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രോപ്പൽസീവ് പവർ ഭാഗികമായോ പൂർണ്ണമായോ നഷ്‍ടപ്പെട്ടതുമായി ബന്ധപ്പെട്ട് 30 പരാതികൾ സമർപ്പിച്ചു. ഇതേത്തുടർന്ന് ഏകദേശം 39,500 വാഹനങ്ങളെ തിരിച്ചുവിളിച്ച് പരിശോധിച്ചതായി പറയപ്പെടുന്നു. കിയ ഈ വർഷം രണ്ട് പുതിയ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ പുതിയ കാർണിവലും EV9 ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടും.