ഡൽഹി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിലെ സത്യം കണ്ടെത്താനുള്ള ദൗത്യം സി.ബി.ഐ ഏറ്റെടുക്കുന്നതിൽ തീരുമാനം ഉടനുണ്ടാവും. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനവും കേസ് രേഖകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതുമടക്കം ഇന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
സർവ രേഖകളുമടങ്ങിയ പ്രൊഫോമ സഹിതം സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സർക്കാർ ഇന്നലെ ഡൽഹിയിലേക്ക് അയയ്ക്കുകയായിരുന്നു. സംഘം ഇന്ന് രാവിലെ തന്നെ രേഖകൾ കൈമാറിയിട്ടുണ്ട്.
ഇനി നിർണായക തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാരും സി.ബി.ഐയുമാണ്. കേരളത്തിന്റെ വിജ്ഞാപനം അടക്കമുള്ള രേഖകൾ കേന്ദ്ര പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തേക്ക് കൈമാറും. സി.ബി.ഐ ഡയറക്ടറും നിയമവിഭാഗത്തിലെ ലോ ഓഫീസറുമടങ്ങിയ സംഘമാണ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട പ്രാധാന്യമുള്ളതാണോയെന്ന് പരിശോധിക്കുക.
സാധാരണ ഗതിയിൽ പോലീസിനെക്കൊണ്ട് തെളിയിക്കാൻ കഴിയാത്തതും വിദേശ ബന്ധമുള്ളതും കള്ളപ്പണ ഇടപാടുകൾ നടന്നതും വിദേശത്ത് നിന്ന് പണമെത്തിയതുമടക്കം പോലീസിന്റെ അന്വേഷണം അസാദ്ധ്യമായ കേസുകളിലാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാറുള്ളത്.
സിദ്ധാർത്ഥിന്റെ മരണം കേരളത്തിൽ കോളിളക്കമുണ്ടാക്കിയതായതിനാലും തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായതിനാലും കേസ് ഏറ്റെടുക്കാൻ സി.ബി.ഐയ്ക്ക് മേൽ കേന്ദ്രത്തിന്റെ സമ്മർദ്ദമുണ്ട്. രേഖകൾ ലഭിച്ചാലുടൻ കേസ് ഏറ്റെടുക്കുമെന്ന് തിരുവനന്തപുരത്ത് മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സി.ബി.ഐ കേസ് ഏറ്റെടുക്കാനാണ് സാദ്ധ്യതയേറെ.
സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ 22 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെല്ലാം റിമാൻഡിലുമാണ്. എന്നാൽ ക്യാമ്പസിലും ഹോസ്റ്റലിലും എസ്.എഫ്.ഐക്കാരടക്കമുള്ള പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വെള്ളം പോലും നൽകാതെ 3 ദിവസം മർദ്ദിച്ചു.
ക്യാമ്പസിലും ഹോസ്റ്റലിലും സംഘമായുള്ള ആക്രമണം ആൾക്കൂട്ട ആക്രമണത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ സി.ബി.ഐയ്ക്ക് അന്വേഷിക്കാമെന്നാണ് കേസ് ഏറ്റെടുക്കുന്നതിന് ഒരു കാരണം. മരണം കൊലപാതകമാണോയെന്നും അതിനുപിന്നിലെ ഗൂഢാലോചനയും വിശദമായി അന്വേഷിക്കേണ്ടതിനാലും സി.ബി.ഐയ്ക്ക് കേസേറ്റെടുക്കാം. എന്നാൽ ടി.പി ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പലവട്ടം സർക്കാർ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാൻ സി.ബി.ഐ തയ്യാറായിരുന്നില്ല.
ഇതുവരെയുള്ള സി.ബി.ഐ അന്വേഷണ നടപടികളിൽ വൻ വീഴ്ചയാണ് സർക്കാർ വരുത്തിയത്. വീഴ്ചയ്ക്ക് കാരണക്കാരായ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻ് ചെയ്തിട്ടുമുണ്ട്. സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സർക്കാർ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനായിരുന്നു.
എന്നാൽ, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ട് നൽകിയില്ല. എഫ്ഐആറിന്റെ ഇംഗ്ലിഷ് പകർപ്പ്, അന്വേഷണ നാൾവഴി, മൊഴികൾ, മഹസർ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവയടക്കം 8 വിവരങ്ങൾ അടങ്ങിയതാണു പ്രൊഫോമ. ഹോം (എം) സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് ആഭ്യന്തരസെക്രട്ടറി ബിശ്വനാഥ് സിൻഹ സസ്പെൻഡ് ചെയ്തത്.
എഫ്.ഐ.ആർ, മൊഴികളുടെയും രേഖകളുടെയും ഇംഗ്ലീഷ് പരിഭാഷ, കേസിനെക്കുറിച്ചുള്ള വിശദവിവരണം എന്നിവയില്ലാതെ വിജ്ഞാപനം മാത്രമയച്ചതു കാരണം അന്വേഷണം ഏറ്റെടുക്കണോയെന്ന് പരിശോധിക്കാൻ സി.ബി.ഐയ്ക്ക് കഴിയാതെയായി. സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണമുയർന്നതോടെയാണ് ഇന്നലെ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിയോട് അന്വേഷണത്തിന് ഉത്തരവിട്ടത്.
സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കി 17 ദിവസമായിട്ടും രേഖകൾ കൈമാറാത്തത് ഉദ്യോഗസ്ഥരുടെ വൻവീഴ്ചയെന്ന് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പനിപിടിച്ച് നാലുദിവസം ആശുപത്രിയിലായതിനാൽ ഫയലുകൾ കണ്ടില്ലെന്നാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വിശദീകരണം. തിരിച്ചെത്തി 12നാണ് നടപടികൾ തുടങ്ങിയത്. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും കാലതാമസമുണ്ടായി.