കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരുവിമാനം ഉരസി. ബിഹാറിലെ ദർഭംഗയിലേക്കു പോകാനുള്ള ഇൻഡിഗോ വിമാനമാണ്, റൺവേയിലേക്കു കയറാൻ ക്ലിയറൻസ് കാത്തുകിടന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇടിച്ചത്.
യാത്രക്കാര്‍ സുരക്ഷിതരാണ്. ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡിഗോ വിമാനത്തിനും കേടുപാടുണ്ടായി. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
എയർ ഇന്ത്യാ വിമാനത്തിൽ 169 യാത്രക്കാരും ഇൻഡിഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇൻഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് അറിയിച്ചു.