വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡൻ തിരിച്ചുവരവിന്ആരംഭം കുറിച്ചെന്നു പുതിയ സർവേകൾ സൂചിപ്പിക്കുന്നു. ഏഴിൽ ആറു സ്വിങ് സ്റ്റേറ്റുകളിലും (രണ്ടു പാർട്ടികൾക്കും തുല്യ ശക്തിയുളള സംസ്ഥാനങ്ങൾ) ബൈഡൻ ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിലെത്തി എന്നാണ് ബ്ലൂംബെർഗ് ന്യൂസ്/മോണിങ് കൺസൾട് പോളിംഗിൽ കണ്ടെത്തിയത്. ഹാർവാർഡ് സിഎപിഎസ്/ഹാരിസ് സർവേയിൽ ട്രംപ് മുന്നിലാണെങ്കിലും അദ്ദേഹത്തിന്റെ ലീഡ് താഴുന്നതായാണ് കാണുന്നത്.
ബൈഡൻ മേൽക്കൈ നേടിയതിനു ബ്ലൂംബെർഗ് ന്യൂസ്/മോണിങ് കൺസൾട് ചില കാരണങ്ങൾ പറയുന്നുണ്ട്. തന്റെ പ്രായത്തെ കുറിച്ചുള്ള ആശങ്കകൾ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തോടെ ബൈഡൻ ഒഴിവാക്കി എന്നാണ് ഒരു കാരണമായി കാണുന്നത്. 81 വയസിന്റെ പരിമിതികൾ ഇല്ലാത്ത ഉജ്വല പ്രകടനമായിരുന്നു അതെന്നു ഡെമോക്രാറ്റിക് പാർട്ടിയിലെ വിമർശകർ സമ്മതിക്കുന്നു.
സമ്പദ് വ്യവസ്ഥയെ കുറിച്ചു ജനങ്ങൾക്കു വിശ്വാസം കൈവന്നു എന്ന ചിന്തയാണ് മറ്റൊന്ന്. അദ്ദേഹത്തിന്റെ പ്രവർത്തനം ശരിയായ ദിശയിലാണെന്നു സ്വിങ് സ്റ്റേറ്റുകളിലെ വോട്ടർമാർ ചിന്തിച്ചു തുടങ്ങി.
വിസ്കോൺസിനിൽ വളരെ ശ്രദ്ധേയമാണ് മാറ്റം. ഫെബ്രുവരിയിൽ 4% പിന്നിൽ നിന്ന ബൈഡൻ ഇക്കുറി 1% ലീഡ് നേടി. പെൻസിൽവേനിയയിൽ ട്രംപിനു ഫെബ്രുവരിയിൽ ഉണ്ടായിരുന്ന 6% ലീഡ് മാർച്ചിൽ അപ്രത്യക്ഷമായി. ഇപ്പോൾ തുല്യ നിലയാണ്. മിഷിഗണിലും അതു തന്നെ സ്ഥിതി.
പ്രചാരണ രംഗത്തു ട്രംപിനു പണക്കുറവ് പ്രശ്നമായിട്ടുണ്ട്. അദ്ദേഹത്തിന്റെ റാലികൾ കുറഞ്ഞു. നിയമപോരാട്ടങ്ങൾ കൂടി നടക്കുന്നതിനാൽ അദ്ദേഹത്തിനു പണം വേണ്ടത്ര ഇല്ല എന്നതു രഹസ്യമല്ല. അതേ സമയം ബൈഡൻ പാഞ്ഞുനടന്നു പ്രചാരണം നടത്തുകയാണ്. സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. ചൊവാഴ്ച അദ്ദേഹം നോർത്ത് കരളിനയിൽ ആയിരുന്നു.
ഡെമോക്രാറ്റുകൾക്കു ഉറപ്പുള്ള 18 ബ്ലൂവാൾ സ്റ്റേറ്റുകളിൽ ബൈഡനു അനായാസം ജയിക്കാമെന്നാണ് സർവേകൾ കാട്ടുന്നത്. ഡി സിയിലും. അതേ സമയം അരിസോണ, നെവാഡ, നോർത്ത് കരളിന എന്നീ സ്റ്റേറ്റുകളിൽ അദ്ദേഹം ട്രംപിന്റെ പിന്നിലെന്ന നിലയിൽ നിന്നു മുന്നിലേക്കു വന്നു. ജോർജിയയിൽ ട്രംപിനു ലീഡുണ്ട്.
ബൈഡൻ വൻ തോതിൽ പരസ്യം നടത്തുന്നുണ്ട്. റജിസ്റ്റർ ചെയ്ത 4,932 വോട്ടർമാർക്കിടയിൽ നടത്തിയ സർവ്വേയ്ക്ക് 1% മാത്രമാണ് പിഴവ് സാധ്യത. മാർച്ച് 8നു ബൈഡൻ സ്റേറ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തിയ ശേഷമാണ് സർവേ നടത്തിയത്. പ്രായാധിക്യം ഈ സർവേയിൽ വലിയൊരു വിഷയമായില്ല എന്നത് അദ്ദേഹത്തിന്റെ പ്രസംഗം ഫലപ്രദമായി എന്നതിന്റെ സൂചനയാണ്.
മത്സരം കടുത്തെന്നു കണ്ടെത്തൽ
ഹാർവാർഡ് സിഎപിഎസ്/ഹാരിസ് സർവേയിൽ പറയുന്നത് മത്സരം കടുത്തു എന്നാണ്. 9% വോട്ടർമാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ ട്രംപിനു 2% ലീഡുണ്ട്. എന്നാൽ ഫെബ്രുവരിയിൽ നിന്നു അദ്ദേഹം 6% താഴേക്ക് ഇറങ്ങി.
റോബർട്ട് കെന്നഡി ജൂനിയർ രംഗത്തുള്ളപ്പോൾ ട്രംപിന് 7% ലീഡുണ്ടെന്നായിരുന്നു ഫെബ്രുവരിയിൽ കണ്ടത്. ഇപ്പോൾ അത് 3% ആയി കുറഞ്ഞു. 7% പേർ തീരുമാനം എടുത്തിട്ടില്ല.