തിരുവനന്തപുരം: വൈസ്ചാൻസലർമാർ വാഴാത്ത നാടായി കേരളം മാറുകയാണ്. കൊല്ലത്തെ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വി.സി മുബാറക് പാഷയാണ് ഒടുവിൽ പുറത്തുപോയത്. യോഗ്യതയില്ലാതെ വി.സി പദവിയിലെത്തിയ പാഷയെ ഗവർണർ പുറത്താക്കും മുൻപ് അദ്ദേഹം രാജിക്കത്ത് ഗവർണർക്ക് നൽകുകയായിരുന്നു.

ഒരുമാസം തീരുമാനമെടുക്കാതിരുന്ന ശേഷം ഗവർണർ രാജി അംഗീകരിച്ചു. നിയമനത്തിൽ ക്രമക്കേടുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സജി ഗോപിനാഥും പുറത്തേക്കുള്ള പാതയിലാണ്. വെറ്ററിനറി സർവകലാശാലാ വി.സി ഇന്നലെ രാജിവച്ചിരുന്നു. സംസ്കൃത വി.സിയെ കഴിഞ്ഞയാഴ്ച ഹൈക്കോടതി പുറത്താക്കി.

ഗവർണർ പുറത്താക്കുന്നതിന് തൊട്ടുമുൻപാണ്  മുബാറക് പാഷ രാജിക്കത്ത് ഗവർണർക്ക് അയച്ചത്. ഇത് അംഗീകരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ രജിസ്ട്രാറെ അറിയിച്ചിരുന്നു.  നിയമനത്തിൽ അപാകതയുണ്ടെന്നുെം വി.സിയാവാൻ മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഗവർണർ പുറത്താക്കാൻ ഹിയറിംഗിന് വിളിച്ചപ്പോഴാണ് പാഷ രാജിവച്ചത്.
എന്നാൽ പാഷയുടെ നിയമനം നിയമവിരുദ്ധമായതിനാൽ, അദ്ദേഹം നൽകിയ രാജിക്കത്ത് സർവകലാശാലാ ചട്ട പ്രകാരമുള്ള രാജിക്കത്തായി പരിഗണിക്കാനാവില്ലെന്നായിരുന്നു ഗവർണറുടെ ആദ്യ നിലപാട്.
യു.ജി.സിയിൽ നിന്ന് വിശദീകരണം ലഭിച്ചശേഷം പാഷയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ രാജിയിൽ പാഷ ഉറച്ചുനിന്ന സാഹചര്യത്തിൽ കോടതിയിലെ കേസിനും യു.ജി.സി നിലപാടിനും വിധേയമായി രാജി അംഗീകരിക്കുകയായിരുന്നു.
ഫെബ്രുവരി 22നാണ് പാഷ വി.സി സ്ഥാനം രാജിവച്ച് ഗവർണർക്ക് കത്ത് നൽകിയത്. യൂണിവേഴ്സിറ്റി ചട്ടം 11(9) പ്രകാരമായിരുന്നു ഒരുമാസത്തെ നോട്ടീസ്. എന്നാൽ രാജിക്കത്ത് ഗവർണർ സ്വീകരിച്ചില്ല. ഫെബ്രുവരി 26മുതൽ മാർച്ച് 19വരെ രാജി സ്വീകരിക്കാൻ അപേക്ഷിച്ച് പാഷ കത്തയച്ചു. നിയമനത്തിലെ ക്രമക്കേട് കണ്ടെത്തി.
2022 ഒക്ടോബർ 25ന് പാഷയ്ക്ക് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കാനുള്ള നോട്ടീസ് ഗവർണർ നൽകിയിരുന്നു. പാഷയുടെ നിയമനം നിയമവിരുദ്ധവും തുടക്കം മുതൽ അസാധുവുമാണെന്നാണ് ഗവർണർ കണ്ടെത്തിയത്.
ഗവർണറുടെ നോട്ടീസിനെതിരേ പാഷ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം പാഷയ്ക്ക് ഹിയറിംഗ് നടത്താനിരിക്കെയാണ് രാജിക്കത്ത് നൽകിയത്. ഫെബ്രുവരി 24ന് നടത്തിയ ഹിയറിംഗിൽ പാഷ ഹാജരായില്ല.
പാഷയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് യു.ജി.സി പ്രതിനിധികൾ ഹിയറിംഗിൽ ചൂണ്ടിക്കാട്ടി. ഹിയറിംഗിന് നോട്ടീസ് നൽകിയതിന് പിന്നാലെ രാജിക്കത്ത് നൽകിയതിൽ പാഷയെ ഗവർണർ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

പാഷയ്ക്ക് വിനയായത് വി.സിയാവാനുള്ള യോഗ്യതയില്ലാത്തതാണ്. പ്രൊഫസറായി പത്തു വർഷം അദ്ധ്യാപന പരിചയമുള്ളവരെയേ യു.ജി.സി ചട്ടപ്രകാരം വി.സിയാക്കാനാവൂ. ഫറൂഖ് കോളേജ് പ്രിൻസിപ്പലായതും ഡെപ്യൂട്ടേഷനിൽ കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ ഡയറക്ടറായതുമാണ് പാഷയുടെ യോഗ്യത. കാലിക്കറ്റിൽ കോളേജ് ഡെവലപ്മെന്റ് കൗൺസിൽ ഡയറക്ടറായിരുന്നു.

ഇതും അദ്ധ്യാപക തസ്തികയല്ല. പ്രൊഫസറുടേതിന് തുല്യവുമല്ല. ഒമാനിലെ സ്വകാര്യ സർവകലാശാലയിൽ പ്രവർത്തിച്ചെങ്കിലും അത് അദ്ധ്യാപക തസ്തികയിലല്ല. റിസർച്ച് ഗൈഡായും പരിചയമില്ല.
സർവകലാശാലയിലെ ആദ്യനിയമനങ്ങൾ ഗവർണർക്ക് പകരം സർക്കാരിന് നടത്താമെന്ന യൂണിവേഴ്സിറ്റി നിയമപ്രകാരമായിരുന്നു പാഷയെ നിയമിച്ചത്. എന്നാൽ ആദ്യവി.സിക്ക് വാഴ്സിറ്റിക്ക് യു.ജി.സിയുടെ അനുമതി ലഭിക്കും വരെയേ തുടരാനാവൂ എന്നാണ് യു.ജി.സിയുടെ നിലപാട്.

By admin

Leave a Reply

Your email address will not be published. Required fields are marked *