തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സി.ബി.ഐ. തീരുമാനത്തിനെതിരെ ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.
തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ സി.ബി.ഐ. ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. ആറുവര്‍ഷം അന്വേഷിച്ചിട്ടും ജസ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചത്. കേസില്‍ സി.ബി.ഐ. സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജസ്‌നയുടെ അച്ഛന്റെ ആവശ്യം.
2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനി ആയിരുന്നു. വീട്ടില്‍നിന്നും മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നും പറഞ്ഞുപോയ ജസ്ന എരുമേലിവരെ എത്തിയെന്ന വിവരം മാത്രമാണ് വ്യക്തമായി ലഭിച്ചത്.
ആദ്യം വെച്ചൂച്ചിറ പോലീസും പിന്നീട് ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ക്രൈബ്രാഞ്ചും അന്വേഷിച്ചു.രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അന്വേഷണം നടന്നു. രണ്ട് ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. കണ്ടെത്തുന്നവര്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.