ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ കുരിശുമാരണം. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്തു.
കുരിശു മരണത്തേക്കുറിച്ചും തനിക്ക് മുന്നിലുള്ള പീഡാനുഭവങ്ങളേക്കുറിച്ചും അറിയാമായിരുന്ന, കഴിയുമെങ്കില്‍ അത് മാറ്റിത്തരാന്‍ പിതാവായ ദൈവത്തോട് രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ദൈവപുത്രനെക്കുറിച്ച് പുതിയ നിയമത്തിലെ നാല് സുവിശേഷകരും പറയുന്നുണ്ട്. ഒടുവില്‍ “എന്‍റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇത് കടന്നു പോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ,”(മത്തായി 26:42) എന്ന് പറഞ്ഞ് യേശു കുരിശുമരണത്തിന് യേശു ഒരുങ്ങുന്നു.
പെസഹ ആചരണത്തിന് മുൻപ് തന്നെ അന്നേ ദിനം താൻ ക്രൂശിക്കപ്പെടാനായി ഏൽപ്പിച്ചുകൊടുക്കുമെന്ന് യേശു തന്റെ ശിഷ്യന്മാരോട് പറയുന്നതായി ബൈബിൽ നിന്ന് വ്യക്തമാണ്. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം പെസഹ ആചരിക്കുമ്പോൾ പുതിയ ഉടമ്പടിയും സ്ഥാപിച്ച ശേഷം തന്നെ ഒറ്റുകൊടുക്കുന്ന ശിഷ്യനെക്കുറിച്ചും പത്രോസ് തന്നെ തള്ളി പറയുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.
ഗത്സേമനിയിലെ പ്രാര്‍ത്ഥനയ്ക്കൊടുവില്‍ ശിഷ്യന്‍മാരിലൊരുവനായ യൂദാസ് സ്കറിയോത്ത ക്രിസ്തുവിനെ പുരോഹിതപ്രമാണികള്‍ക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു. അവിടെ നിന്ന് കയ്യാഫാസ് എന്ന പ്രധാന പുരോഹിതന്റെ അടത്തും പിന്നീട് ദേശാധിപതിയായ പീലാത്തോസിന്റെ അടുത്തുമെത്തുന്ന യേശുവിൽ യാതൊരു കുറ്റവും കാണുന്നില്ലെന്ന് പീലത്തോസ് ആവർത്തിച്ചെങ്കിലും, ജനങ്ങളുടെ ആവശ്യപ്രകാരം യേശുവിനെ കുരിശുമരണത്തിന് അദ്ദേഹം വിധിക്കുന്നു. ഇതിനിടയില്‍ ശിഷ്യരിലൊരുവനായ പത്രോസ് മൂന്നു തവണ ക്രിസ്തുവിനെ തളളിപ്പറഞ്ഞു.
അന്ന് നിലനിന്നിരുന്നതില്‍ ഏറ്റവും മോശമായ വധശിക്ഷ രീതിയായിരുന്നു കുരിശുമരണം. പീലത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താ വരെ കുരിശിനൊപ്പം ചാട്ടവാറടി ഉൾപ്പടെയുള്ള ക്രൂര മർദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയാണ് യേശുവിന്റെ മരണ യാത്ര. അത്തരത്തിലുള്ള പീഢകളെല്ലാം സഹിച്ച് മൂന്നാണിയിൽ ദൈവപുത്രൻ കുരിശിലേറ്റപ്പെട്ടതിന്റെ, കൊല്ലപ്പെട്ടതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി.