കുരിശിന്റെ വഴി യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് കുരിശിന്റെ വഴി അഥവാ സ്ലീവാ പാത. അൻപതു നോമ്പിന്റെ സമയത്ത് എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴി നടത്താറുണ്ട്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർത്ഥനകളും അടങ്ങിയ ഈ ഭക്ത്യഭ്യാസം, പതിനാല് സ്ഥലങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
യേശു മരണത്തിനു വിധിക്കപ്പെടുന്നത് മുതൽ കുരിശിൽ മരിക്കുന്നത് വരെയുള്ള മുഹൂർത്തങ്ങളായ ഈ സ്ഥലങ്ങൾ ബൈബിളിലേയും ക്രിസ്തീയപാരമ്പര്യത്തിലേയും പീഡാനുവഭചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പള്ളികൾക്കു പുറത്തു വച്ചും കുരിശിന്റെ വഴി നടത്താറുണ്ട്. മിക്കവാറും ദുഃഖ വെള്ളിയാഴ്ചകളിലെ കുരിശ്ശിന്റെ വഴിയാണ് ഇങ്ങനെ നടത്തുന്നത്. മലയാറ്റൂർ, എഴുകുംവയൽ, വാഗമൺ ഉൾപ്പടെയുള്ള സ്ഥലങ്ങൾ കേരളത്തിലെ പ്രസിദ്ധമായ കുരുമല തീർത്ഥാടന കേന്ദ്രങ്ങളാണ്.
മലയാള, സംസ്കൃത ഭാഷകളിൽ പണ്ഡിതനായിരുന്ന, ജർമൻ വൈദികനായിരുന്ന അർണോസ് പാതിരി ക്രിസ്തുവിൻറെ ജീവചരിത്രത്തെ ആസ്പദമാക്കി രചിച്ച കൃതിയാണ് പുത്തൻപാന. പൂന്താനത്തിൻറെ ജ്ഞാനപ്പാനയുടെ മാതൃകയിൽ തന്നെയാണ് അർണോസ് പാതിരി പുത്തൻപാനയും രചിച്ചിരിക്കുന്നത്.
പതിനാലു പാദങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതിയിൽ ലോകാരംഭം മുതൽ ക്രിസ്തുവിൻറെ മരണം വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതന കത്തോലിക്കാ കുടുംബങ്ങളിൽ അൻപത് നോയമ്പിൻറെ കാലത്ത് പുത്തൻപാന വായന പതിവായിരുന്നു. ശവസംസ്കാരത്തിൻറെ തലേ രാത്രിയും പുത്തൻപാന വായിക്കുന്ന പതിവുണ്ടായിരുന്നു. പുത്തൻപാന ചൊല്ലുന്നതിന് പ്രത്യേക രീതിയും ശൈലിയുമൊക്കെയുണ്ട്. ഇപ്പോൾ പുത്തൻപാന വായന ദുഃഖവെള്ളിയാഴ്ചകളിൽ മാത്രമായി ചുരുങ്ങി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *