മഹാരാഷ്ട്ര: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീടിനുള്ളിലിട്ട് ഭര്‍ത്താവ് കത്തിച്ചു. ഭര്‍ത്താവ് സുനില്‍ ലാങ്കടെ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയും 13, 14 വയസുള്ള ഇവരുടെ രണ്ട് മക്കളും കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് കര്‍ഷകന്‍ കൂടിയായ ഇയാള്‍ തീവച്ചത്. തിങ്കളാഴ്ച രാവിലെ ഭാര്യയേയും പെണ്‍മക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.
ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും വീട് ഏറെക്കുറെ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. ഗുരുതര പൊള്ളലേറ്റ മൂന്ന് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കര്‍ഷകനായിരുന്ന സുനില്‍ അടുത്തിടെ ഓട്ടോറിക്ഷ ഓടിക്കാന്‍ ആരംഭിച്ചിരുന്നു.
ഞായറാഴ്ച ഓട്ടോറിക്ഷ കേടായെന്ന് പറഞ്ഞാണ് പരിചയമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഇയാള്‍ ഇന്ധനം വാങ്ങിയത്. കൊല്ലപ്പെട്ട കുട്ടികളെ കൂടാതെ ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്.