ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ചിത്രം ഇന്നലെയാണ് കാണാന്‍ കഴിഞ്ഞതെന്നും അതില്‍ ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു. സിനിമ കണ്ട് ഏറെ സമയം കഴിഞ്ഞിട്ടും ‘എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല’ എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘വിനയ് ഫോര്‍ട്ട് അടക്കമുള്ള ഈ സിനിമയിലെ മുഴുവന്‍ നാടകക്കാരും സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ അനുഭവം. നാടകക്കാരനല്ലാത്ത കലാഭവന്‍ ഷാജോണിന്റെ ഹരി അതിഗംഭീരം. നായിക സറിന്‍ ഷിഹാബിനെ ഞാന്‍ ജഡജ് ആണെങ്കില്‍ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കും. ചന്ദ്രഹാസന്‍ മാഷിന് ഗുരുദക്ഷിണ കൊടുത്ത് തുടങ്ങിയ ആദ്യഷോട്ടില്‍ തന്നെ ആനന്ദ് ഏകര്‍ഷിയുടെ നാടക സ്‌നേഹം വ്യക്തമാണ്. നാടകക്കാരന്‍ ഉണ്ടാക്കുന്ന സിനിമയുടെ മൂല്യം അത് ലോകോത്തരമാണെന്ന് ആട്ടം അടിവരയിടുന്നു. മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു. ആനന്ദ് ഏകര്‍ഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ട്,’ എന്നും ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. നിരവധി ചലച്ചിത്ര മേളകളില്‍ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററില്‍ വലിയ കാഴ്ച്ചക്കാരെ നേടാന്‍ കഴഇഞ്ഞിരുന്നില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററില്‍ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് വിശേഷിപ്പിച്ചത്. ഏതാനും ദിവസം മുന്‍പാണ് ആട്ടം ഒടിടിയില്‍ പ്രദര്‍ശനെത്തിയത്. പിന്നാലെ സിനിമയ്ക്ക് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നതും. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട്,അജി തിരുവാങ്കുളം, ജോളി ആന്റണി, മദന്‍ ബാബു, നന്ദന്‍ ഉണ്ണി, പ്രശാന്ത് മാധവന്‍, സന്തോഷ് പിറവം, സെല്‍വരാജ് രാഘവന്‍, സിജിന്‍ സിജീഷ്, സുധീര്‍ ബാബു, സെറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *