തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർത്ഥന്റെ മരണത്തിനു ശേഷമുള്ള കാറും കോളും ഒഴിയുന്നില്ല. എസ്.എഫ്.ഐ നേതാക്കളുടെയടക്കം ക്രൂരമർദ്ദനത്തെയും റാഗിംഗിനെയും തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയ മുൻ വി.സിയെ സസ്പെൻഡ് ചെയ്ത് ഗവർണർ വിശ്വാസത്തോടെ ആ പദവിയിലേക്ക് നിയോഗിച്ച റിട്ട. പ്രൊഫസർ ഡോ. പി.സി ശശീന്ദ്രൻ വയനാട്ടിലെ രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയത് ഗവർണറെ ചൊടിപ്പിച്ചു.
ഗവർണർ രാജി ആവശ്യപ്പെട്ടതോടെ ശശീന്ദ്രനു മുന്നിൽ മറ്റു വഴികളില്ലാതായി. ഹൃദ്രോഗ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അനാരോഗ്യം അലട്ടിയിരുന്നു. അടുത്തിടെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് കടുത്ത രാഷ്ട്രീയ സമ്മർദ്ദം താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. യൂണിവേഴ്സിറ്റികളിലെ അതിരുവിട്ട രാഷ്ട്രീയ ഇടപെടലുകളുടെ രക്തസാക്ഷിയാണ് വി.സി പദവി രാജിവയ്ക്കേണ്ടി വന്ന ഡോ. ശശീന്ദ്രൻ.
സസ്പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളെ തിരിച്ചെടുത്ത വി.സിയുടെ ഉത്തരവിൽ ഇവരെയെല്ലാം കുറ്റവിമുക്തരാക്കി എന്നുണ്ടായിരുന്നു. പൊലീസിന്റെ കേസന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് വി.സി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. കുറ്റവിമുക്തരാക്കേണ്ടത് കോടതിയാണെന്നിരിക്കെ, വി.സി കാട്ടിയത് ഗുരുതരമായ അധികാര ദുർവിനിയോഗമാണെന്ന് വിലയിരുത്തിയ ഗവർണർ ഡോ.ശശീന്ദ്രനെ അതൃപ്തി അറിയിച്ചു.
പിന്നാലെ ഗവർണറുടെ അഡി. ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ദൊഡാവത്ത്, ഡോ. പി.സി ശശീന്ദ്രനെ ഫോണിൽ വിളിച്ച് രാജിവയ്ക്കണമെന്നും അല്ലെങ്കിൽ സസ്പെൻഷൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുമെന്ന് അറിയിച്ചു.
ഇതോടെ, 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച ശേഷം, ഡോ. പി.സി ശശീന്ദ്രൻ തന്റെ രാജിക്കത്ത് ഗവർണർക്ക് ഇ-മെയിലിൽ അയയ്ക്കുകയായിരുന്നു.
വി.സിയായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത് ശേഷം, കഴിഞ്ഞ മാർച്ച് രണ്ടിനാണ് യൂണിവേഴ്സിറ്റിയിലെ റിട്ട. പ്രൊഫസറായ ഡോ. പി.സി ശശീന്ദ്രന് ഗവർണർ ചുമതല നൽകിയിരുന്നത്. 23-ാം ദിവസം അദ്ദേഹത്തിന് പദവി നഷ്ടമായി. പൊലീസന്വേഷണം നടക്കവേ, സസ്പെൻഷനിലായിരുന്ന 33പേരെ കുറ്റവിമുക്തരാണെന്ന് രേഖപ്പെടുത്തി തിരിച്ചെടുത്തത് വി.സിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ഉടനടി വിശദീകരണം നൽകണമെന്നും ഇന്നലെ രാവിലെ ഗവർണർ ഡോ. പി.സി ശശീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് റദ്ദാക്കാനും ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ, ഉത്തരവ് റദ്ദാക്കിയെന്നും ഗവർണറുടെ നിർദ്ദേശം നടപ്പാക്കിയെന്നും വാഴ്സിറ്റി രാജ്ഭവനെ അറിയിച്ചു. പിന്നാലെയാണ് വി.സിയുടെ രാജിക്കത്ത് ഗവർണർക്ക് ലഭിച്ചത്.
ആന്റി റാഗിംഗ് സമിതി സസ്പെൻഡ് ചെയ്തവരെയാണ് ഇല്ലാത്ത അധികാരമുപയോഗിച്ച് വി.സി കുറ്റവിമുക്തരാക്കിയത്. യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ. നിയമോപദേശം തേടാതെയുള്ള വി.സിയുടെ നടപടിയിൽ ക്ഷുഭിതനായ ഗവർണർ, ഡോ. പി.സി ശശീന്ദ്രന്റെ രാജി ആവശ്യപ്പെടാനിരുന്നതാണ്. അതിനിടയിലാണ് അദ്ദേഹം രാജിവച്ചത്. സിദ്ധാർത്ഥിന്റെ പിതാവ് ഇന്നലെ ഗവർണറെ കണ്ട് വി.സിയുടെ നടപടിയിൽ ആശങ്കയറിയിച്ചിരുന്നു.
31 പേരെ കോളേജിൽ നിന്ന് പുറത്താക്കിയും 90പേരെ സസ്പെൻഡ് ചെയ്തും റാഗിംഗ് വിരുദ്ധ സമിതിയെടുത്ത നടപടിയാണ് വി.സി അട്ടിമറിച്ചത്. 33 പേരുടെ ശിക്ഷായിളവിനു പിന്നിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവുമുണ്ടെന്ന് ഗവർണർ വിലയിരുത്തി. റിമാൻഡിലുള്ളവർക്ക് അതിന്റെ ഗുണം കിട്ടാനുമിടയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വി.സിയുടെ രാജി ഗവർണർ ആവശ്യപ്പെട്ടത്.