തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കെ.എസ്.യുക്കാരെ ഗൺമാൻ അനിലും സഹപ്രവർത്തകരും ചേർന്ന് വലിയ വടികൊണ്ട് തല്ലിയൊതുക്കിയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് സർക്കാർ. സംഭവമുണ്ടായി 3 മാസത്തിന് ശേഷമാണ് കേസിന് അനക്കം വയ്ക്കുന്നത്. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയുമാണ് ഗൺമാനും സംഘവും തല്ലിച്ചതച്ചത്.
ഈ സമയം ഇരുവരും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇതാണ് കേസിന്റെ ഗൗരവം കൂട്ടുന്നത്. ഗൺമാന് ഹാജരാവാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ജോലിത്തിരക്ക് ഉള്ളതിനാൽ ഹാജരാവാൻ കഴിയല്ലെന്ന് അറിയിച്ച് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.
കേസ് പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് മർദ്ദനത്തിനിരയായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് ഇനി അന്വേഷിക്കുക. ഡിസംബർ 15ന് ആലപ്പുഴയിലെ നവകേരള സദസിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് അമ്പലപ്പുഴയിൽ സദസിൽ പങ്കെടുക്കാനായി പോകുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ തോമസും അജയ് ജ്യുവലും ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ച് മുദ്രാവാക്യം മുഴക്കി.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെ വാഹനത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപും ചാടിയിറങ്ങി പൊലീസ് വലയത്തിലായിരുന്ന ഇരുവരെയും കൈയ്യിൽ കരുതിയിരുന്ന വടികൾകൊണ്ട് പൊതിരെ തല്ലുകയായിരുന്നു.
അടികൊണ്ട് നിലത്തുവീണിട്ടും വിടാൻ കൂട്ടാക്കാതെ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിചതയ്ക്കുന്ന വീഡിയോ പിന്നീട് സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി. അടിയിൽ തോമസിന് തലയോട്ടിക്കും അജയ്ജ്യുവലിന് കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ടാകുകയും തോമസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇരുവരും സൗത്ത് പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.
തുടർന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റും മർദ്ദനത്തിന്റെ വീഡിയോ തെളിവുകളും സഹിതം ഫയൽ ചെയ്ത ഹർജിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ച് ഐ.പി.സി 294 ബി, 326,324 വകുപ്പുകൾ പ്രകാരം ജനുവരി 23ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ചോദ്യം ചെയ്യലിനോ കേസിന്റെ തുടർനടപടികൾക്കോ സുരക്ഷാ ഉദ്യോഗസ്ഥർ ഇതുവരെ ഹാജരായിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥർ ആരെയും മർദ്ദിക്കുന്നത് താൻ കണ്ടില്ലെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി അവരെ ന്യായീകരിച്ചതോടെ വെട്ടിലായ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾക്കും മുതിർന്നിട്ടില്ല. കോടതി ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ കേസിൽ പ്രതിയാകുകയും വിചാരണ നേരിട്ട് ശിക്ഷണ നടപടികൾക്ക് ഇരയാകുകയും ചെയ്യേണ്ടിവരുന്നത് അവരുടെ സർവീസിനെയും പെൻഷൻ ആനുകൂല്യങ്ങളെയും പോലും ദോഷകരമായി ബാധിക്കും.
കഴിഞ്ഞ മൂന്നുമാസവും കേസ് അന്വേഷിച്ച സൗത്ത് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ നോട്ടീസ് നൽകുക മാത്രമാണുണ്ടായത്. സ്റ്റേഷനിൽ ഹാജരാകുന്നത് കെ.എസ്.യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് നൽകിയതോടെ പിന്നീട് നോട്ടീസ് നൽകലോ ഹാജരാകലോ ഉണ്ടായില്ല. സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കുമെന്നും അതിനാൽ പ്രത്യേക ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.