വാഷിംഗ്ടൺ : നാലു തവണ റിപ്പബ്ലിക്കൻ യുഎസ് കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വിസ്കോൺസിൻ റെപ്. മൈക്ക് ഗാലഹർ (40) ഏപ്രിൽ 19നു പിരിയും. അതോടെ യുഎസ് ഹൗസിൽ പാർട്ടിയുടെ ഭൂരിപക്ഷം വെറും  217-213 ആയി കുറയും. 
റിപ്പബ്ലിക്കൻ അജണ്ടകൾക്കു ഹൗസിൽ ഇനി വഴിമുട്ടും. ഒരൊറ്റ റെപ് കൂടി നഷ്ടമായാൽ സ്‌പീക്കർ മൈക്ക് ജോൺസണു നിയമനിർമാണത്തിനു പിന്തുണ കിട്ടാത്ത സ്ഥിതിയാവും. സെനറ്റ് ആവട്ടെ,  ഡെമോക്രാറ്റിക് നിയന്ത്രണത്തിലുമാണ്. ഫലത്തിൽ ഏതു നിയമനിർമാണത്തിനും ജോൺസണു ഡെമോക്രാറ്റുകളുമായി നീക്കുപോക്ക് ഉണ്ടാക്കേണ്ടി വരും. 
അങ്ങിനെയൊരു ഒത്തുതീർപ്പിനു വഴങ്ങിയതിന്റെ പേരിൽ അദ്ദേഹത്തെ നീക്കം ചെയ്യുമെന്നു റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ ഭീഷണി മുഴക്കിയ നേരത്താണ് ഗാലഹർ പിരിയുന്നുവെന്നു പ്രഖ്യാപിച്ചത്. രാജിക്കു കാരണമൊന്നും അദ്ദേഹം പറഞ്ഞില്ല. 
സഭയുടെ  ചൈനാ കാര്യ കമ്മിറ്റി ചെയർമാനായ ഗാലഹർ വീണ്ടും മത്സരിക്കില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത്ര നേരത്തെ പിരിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഈ മാസം തന്നെയാണ് കൊളറാഡോ റെപ്. കെൻ ബക്ക് രാജി പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച ആ രാജി നിലവിൽ വന്നു. 
തനിക്കു പകരം ചൈന സമിതിക്കു പുതിയ അധ്യക്ഷനെ ജോൺസൺ ഉടൻ നിയമിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗാലഹർ പ്രസ്താവനയിൽ പറഞ്ഞു. അതിപ്രധാനമായ കമ്മിറ്റിയാണിത്. 
അടുത്ത് തന്നെ നടക്കുന്ന രണ്ടു സ്പെഷ്യൽ ഇലക്ഷനുകൾ സഭയുടെ ഭൂരിപക്ഷത്തെ ബാധിക്കും. പടിഞ്ഞാറൻ ന്യൂ യോർക്കിൽ ഏപ്രിൽ 30നു നടക്കുന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾക്കു കനത്ത ലീഡുണ്ട്. ഡെമോക്രാറ്റ് ബ്രയാൻ ഹിഗ്ഗിൻസ് ഒഴിഞ്ഞ സീറ്റാണിത്. 
കാലിഫോർണിയയിൽ മുൻ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സീറ്റിലേക്കു ചൊവാഴ്ച നടന്ന വോട്ടെടുപ്പിൽ ആരും 50% കടന്നില്ല. അതിനാൽ അവിടെ മെയ് 21നു റൺ-ഓഫ് നടക്കും.  

By admin

Leave a Reply

Your email address will not be published. Required fields are marked *