രാജ്യത്തെ പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ സ്കീമിൽ, 10 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ ​​രക്ഷിതാക്കൾക്കോ ​​അക്കൗണ്ട് തുറക്കാം.  21 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുന്ന ഈ സ്‌കീമിൽ 15 വർഷത്തേക്ക് മാത്രമേ നിക്ഷേപിക്കാവൂ. നിലവിൽ ഈ പദ്ധതിക്ക് സർക്കാർ 8 ശതമാനം പലിശയാണ് നൽകുന്നത്. 
2014-ൽ ആണ് കേന്ദ്ര സർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. സ്ത്രീകളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ പദ്ധതി രൂപീകരിച്ചത്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞാൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം.  21 വയസ്സുള്ളപ്പോൾ മുഴുവൻ തുകയും പിൻവലിക്കാം.
അപേക്ഷിക്കേണ്ടവിധം
നിങ്ങൾക്കും ഈ സ്കീം പ്രയോജനപ്പെടുത്തണമെങ്കിൽ, സുകന്യ സമൃദ്ധി യോജനയുടെ അപേക്ഷാ ഫോം പോസ്റ്റ് ഓഫീസിൽ നിന്നോ ബാങ്ക് വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യണം. ഈ ഫോം പൂരിപ്പിച്ച ശേഷം, നിങ്ങളുടെ ഫോട്ടോ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ഐഡി പ്രൂഫ്, മറ്റ് രേഖകൾ എന്നിവ നൽകേണ്ടതുണ്ട്. അതിനുശേഷം, അടുത്തുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ രേഖകൾ സഹിതം ഫോം സമർപ്പിക്കുക. ഫോമും ഒറിജിനൽ രേഖകളും പരിശോധിച്ച ശേഷം, പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കും. ഇതിനുശേഷം അക്കൗണ്ടിൽ നിക്ഷേപിക്കാം.
ഒരു വർഷത്തിനകം സുകന്യ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചേക്കും. മാർച്ച് 31 ഓടെ, കുറഞ്ഞ തുക പ്രതിവർഷം നിക്ഷേപിക്കാത്ത എല്ലാ അക്കൗണ്ടുകളും പ്രവർത്തനരഹിതമാകും. അക്കൗണ്ട് വീണ്ടും സജീവമാക്കാൻ പിഴ അടയ്‌ക്കേണ്ടി വരും.

By admin

Leave a Reply

Your email address will not be published. Required fields are marked *