കോട്ടയം:മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് വിഴിഞ്ഞം സ്വദേശി യഹിയ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാർജയിൽ ഒളിവിൽ കഴിഞ്ഞ കാലയളവിൽ പ്രതി രണ്ടു തവണ വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
വിഴിഞ്ഞം സ്വദേശിയായ പ്രതി യഹ്‌യ ഖാൻ 2008ൽ പാത്രം വിൽപനക്കായാണ് കോട്ടയം പാലായിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ എത്തിയ യഹിയ ഖാൻ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. വൈകാതെ തന്നെ പ്രതിയെ പൊലീസ് പിടികൂടി. അറസ്റ്റിനു പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങിയ യഹിയ ഖാൻ ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ വിചാരണ തുടങ്ങാൻ നിശ്ചയിച്ച 2012ലാണ് ഇയാൾ മുങ്ങിയ കാര്യം പൊലീസ് അറിഞ്ഞത്. പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ച യഹിയ ഖാൻ യുഎഇയിലേക്കാണ് കടന്നത്. തുടർന്ന് പൊലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എസ്.പി കെ. കാർത്തിക് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് ഇൻറർപോൾ സഹായം തേടി.

ഇക്കഴിഞ്ഞ ജനുവരിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യഹിയ ഖാനെ ഇൻറർപോൾ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇൻർപോൾ ഷാർജയിൽ തടഞ്ഞുവച്ച പ്രതിയെ പാലാ ഡിവൈഎസ്പി കെ. സദൻ, പ്രിൻസിപ്പൽ എസ്‌ഐ വി.എൽ. ബിനു എന്നിവരടങ്ങുന്ന സംഘം ഷാർജയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഷാർജയിൽ പരിഭാഷകനായി ജോലി ചെയ്യുകയായിരുന്നു യഹിയ ഖാൻ. കോട്ടയത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *