തിരുവനന്തപുരം: മദ്യ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും തെലങ്കാനയിലെ മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര രാവുവിൻെറ മകൾ കെ.കവിതയേയും അറസ്റ്റ് ചെയ്യുമ്പോഴും സംസ്ഥാന മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി കേസിലെ അന്വേഷണം ഇഴയുന്നു.
കരിമണൽ കർത്തയുടെ കമ്പനിയുമായുളള മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണമാണ് ഇഴഞ്ഞുനീങ്ങുന്നത്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കരിമണൽ കർത്തയുടെ കമ്പനിയായ സി.എം.ആര്‍.എല്ലിലും കെ.എസ്.ഐ.ഡി.സിയിലും പരിശോധന നടത്തിയ അന്വേഷണ സംഘം വീണയെ ചെന്നൈയിലെ ഓഫീസിലേക്ക് ഒരുതവണ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.എന്നാൽ ഈ നടപടികൾക്കൊന്നും പിന്നീട് തുടർച്ച ഉണ്ടായിട്ടില്ല.
കെജരിവാളിനെതിരെ നടപടി എടുക്കുന്നതിൽ കാണിച്ച തിടുക്കം മാസപ്പടി വിവാദത്തിൻെറ കാര്യത്തിൽ കേന്ദ്ര ഏജൻസികൾക്കില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ എസ്.എഫ്.ഐ.ഒ ഉടന്‍ ചോദ്യം ചെയ്തേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം.
എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ്ണമായും ശേഖരിക്കുന്ന നടപടികൾ വൈകുന്നതാണ് കാരണമായി പറഞ്ഞ് കേൾക്കുന്നതെങ്കിലും ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല.
അന്വേഷണം പൂർത്തിയാക്കാൻ എട്ട് മാസത്തെ കാലാവധി ഉളളതിനാൽ തിടുക്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ വിശദീകരണം.എന്നാൽ അന്വേഷണ ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ കരിമണൽ കമ്പനിയിലും കെ.എസ്.ഐ.ഡി.സിയിലും പരിശോധനക്ക് എത്തിയത് എന്തിനാണെന്നതാണ് അന്വേഷണസംഘത്തിന് നേരെ ഉയരുന്ന ചോദ്യം.
വീണയെ തൊടാൻ വൈകുമെങ്കിലും അവരുടെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ ഉടമകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. അതേസമയം എക്‌സാലോജിക്കുമായി സംശയകരമായ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്‌ഐഒ താമസിയാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായി ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിൻെറ ശ്രമം. 12 സ്ഥാപനങ്ങളില്‍ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഉള്‍പ്പടെ എസ്എഫ്‌ഐഒ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി വിലയിരുത്തിയശേഷം ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ വിളിപ്പിക്കാനാണ് പദ്ധതി.
സാന്റാമോണിക്ക, ജെഡിടി ഇസ്ലാം, അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റി, സിഎസ്‌ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം, മർക്കസ് കാരന്തൂർ, റിന്‍സ് ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് വീണയുടെ കമ്പനിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുളളത്.എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ ഷോൺ ജോർജ് വീണയുടെ കമ്പനിയുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളുടെ പൂർണവിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേരൻെറിങ്ങ് സോഫ്റ്റ് വേർ നിർമ്മിക്കുന്ന വീണയുടെ കമ്പനി, അവർക്ക് പണം കൈമാറിയ സ്ഥാപനങ്ങൾക്ക് ഏതെങ്കിലും തരത്തിലുളള സേവനങ്ങൾ നൽകിയോ എന്നതാണ് എസ്.എഫ്.ഐ.ഒ പരിശോധിക്കുന്നത്.
വിവാദ കരിമണല്‍ കമ്പനി എക്‌സാലോജിക്കിന് മാസപ്പടിയായി നൽകിയ തുക അഴിമതി പണമാണെന്ന് തെളിഞ്ഞാല്‍ അത് മുഖ്യമന്ത്രിക്കും കുരുക്കാകും. മുഖ്യമന്ത്രിയുടെ മകൾ എന്ന പ്രിവിലേജിൻെറ ബലത്തിലാണ് സി.എം.ആര്‍.എൽ പണം നൽകിയതെന്നായിരുന്നു ആദായ നികുതി വകുപ്പ് ഇടക്കാല തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍.
ലോകസഭാ തിരഞ്ഞെടുപ്പിനിടെ വീണയെ ചോദ്യം ചെയ്താൽ അത് മുഖ്യമന്ത്രിക്കും ഇടത് മുന്നണിക്കും ദോഷകരമായി ഭവിക്കും. അതുകൊണ്ടുതന്നെ അന്വേഷണ ഏജൻസിക്ക് മുന്നിലേക്ക് എത്തുന്നത് വൈകിക്കാൻ വീണയും ശ്രമിച്ചേക്കും.അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തേണ്ടിവരുമെന്ന് ഉറപ്പുളളതിനാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ നിയമവിദഗ്ധരുടെ സേവനവും തേടുന്നുണ്ട്.