കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാര്‍ത്ഥനെ റാഗിങ്ങിന് ഇരയാക്കിയത്.
പലതവണ മുറിയില്‍വച്ചു നഗ്‌നനാക്കി റാഗ് ചെയ്തു. ഇക്കാര്യം സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ്ങ് സ്‌ക്വാഡിനു മൊഴി നല്‍കി. സിദ്ധാര്‍ത്ഥന്റെ പിറന്നാള്‍ ദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. ക്യാമ്പസില്‍ സജീവമായിരുന്ന സിദ്ധാര്‍ത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം തീരുമാനിച്ചിരുന്നു.അതിനിടെ വെറ്റിനറി സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു നല്‍കാനാണു ആന്റിറാഗിങ് സ്‌ക്വാഡിന്റെ തീരുമാനം.
ഹോസ്റ്റലില്‍ താമസം തുടങ്ങിയതു മുതല്‍ എല്ലാ ദിവസവും സിദ്ധാര്‍ത്ഥന്‍ കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു. ദിവസവും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു സിദ്ധാര്‍ത്ഥന് ലഭിച്ച നിര്‍ദേശം.

By admin

Leave a Reply

Your email address will not be published. Required fields are marked *