ഇടുക്കി: ഇടുക്കിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ അധിക്ഷേപ പ്രസംഗത്തില്‍ ഖേദമില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.എം. മണി. വാക്കിന്റെ അര്‍ത്ഥമറിഞ്ഞ് തന്നെയാണ് വിമര്‍ശിച്ചത്. പ്രസംഗത്തില്‍ ഖേദമില്ല, അതില്‍ തിരുത്താനുമില്ല, തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ കേസ് എടുക്കാം. കേസിനെ ഭയക്കുന്നില്ല. കേസെടുത്താല്‍ നിയമപരമായി നേരിടുമെന്നും എം.എം. മണി പറഞ്ഞു.
ഡീന്‍ കുര്യാക്കോസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ പറയുന്നത് എന്റേതായ രീതിയിലും ശൈലിയിലുമാണ്. അങ്ങനെ മാറാന്‍ പറ്റില്ല. ഓരോരുത്തര്‍ക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നെയും വിമര്‍ശിക്കുന്നില്ലേ.
എസ്. രാജേന്ദ്രന് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. ഞാന്‍ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിലെടുത്തത്. രാജേന്ദ്രന്‍ അത് മറന്നതു കൊണ്ടാണ് പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നത്. പാര്‍ട്ടി നല്‍കിയത് എല്ലാം മറന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അതിനെ പിതൃരഹിത പ്രവര്‍ത്തനമെന്നാണ് പറയുക. അത് രാജേന്ദ്രനല്ല ഞാന്‍ ചെയ്താലും മറ്റാര് ചെയ്താലും അങ്ങനെ തന്നെയാണ്. എസ. രാജേന്ദ്രന്‍ പാര്‍ട്ടിവിട്ട് പോകില്ലെന്നാണ് കരുതുന്നതെന്നും എം.എം. മണി പറഞ്ഞു.
”ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീന്‍. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. എന്തുചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡന്‍. ഷണ്ഡന്‍മാരെ ഏല്‍പ്പിക്കുകയാ.. എല്‍പ്പിച്ചോ, കഴിഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാന്‍ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാന്‍ പാടില്ല”-എന്നാണ് ഡീന്‍ കുര്യാക്കോസ് എം.പിക്കെതിരേ എം.എം. മണി പറഞ്ഞത്.