മോസ്‌കോ: റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. 140 പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പടെ 16 പേരുടെ നില അതീവ ഗുരുതരമാണ്. 44 പേരുടെ നില ഗുരുതരമാണെന്നും ആകെ 107 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും റഷ്യൻ അധികൃതർ പറയുന്നു. മരണസംഖ്യ ഇനിയും ഗണ്യമായി ഉയർന്നേക്കാം എന്ന് മോസ്കോ ഗവർണർ മുന്നറിയിപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ അറസ്റ്റ് ചെയ്തതായി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് സ്ഥിരീകരിച്ചു. ഇതിൽ 4 പേർ സംഭവവുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്. സംഭവവികാസങ്ങൾ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറിയിച്ചതായി എഫ്എസ്ബി അറിയിച്ചു. കൊല്ലപ്പെട്ട 41 പേരുടെ വിശദാംശങ്ങൾ റഷ്യയുടെ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഏറ്റെടുത്തിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികൾ യുക്രെയ്ൻ അതിർത്തി കടക്കാൻ പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ സുരക്ഷാ വിഭാഗം പറഞ്ഞു. അതിർത്തിയിൽ പ്രതികൾക്ക് ബന്ധങ്ങൾ ഉണ്ടായിരുന്നതായും ഇവർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആക്രമണത്തിൽ യുക്രെയ്‌നിന് പങ്കുണ്ടെന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു.എന്നാൽ വാദം അസംബന്ധമാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു. അതേസമയം ഐ എസിന്റെ അവകാശ വാദം വിശ്വസനീയമാണെന്ന് യുഎസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *