കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിര്‍ത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്ന സംഭവത്തില്‍ കോട്ടയം സ്വദേശികളായ നാല് യുവാക്കള്‍ അറസ്റ്റില്‍. 
വേളൂര്‍ പുളിനാക്കല്‍ നടുത്തരവീട്ടില്‍ ശ്യാംരാജ് (28), വേളൂര്‍ പുളിക്കമറ്റം വാഴേപ്പറമ്പില്‍ ആദര്‍ശ് (24), വേളൂര്‍ പതിനാറില്‍ചിറ കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ ജോണ്‍ (21), തിരുവാര്‍പ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശേരില്‍ വീട്ടില്‍ ജെബിന്‍ ജോസഫ് (27)എന്നിവരാണ് പിടിയിലായത്. 
പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടന്‍മല ലക്ഷംവീട്ടില്‍ എം. സുരേഷാ(50)ണ് കൊല്ലപ്പെട്ടത്. കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്‌സ് ബാറില്‍ ജീവനക്കാരനായിരുന്നു സുരേഷ്. 
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ശ്യാം രാജും ആദര്‍ശും ബാറില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് സുരേഷും മറ്റുജീവനക്കാരും വിലക്കി. വാക്കേറ്റമുണ്ടായതോടെ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി. 
തുടര്‍ന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുന്‍വശത്ത് ഇവര്‍ സംഘം ചേര്‍ന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയില്‍ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു. തലയ്ക്ക് പിറകില്‍ മാരക പരിക്കേറ്റ സുരേഷിനെ ഉടന്‍ കോട്ടയം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. 
പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം. ശ്രീകുമാര്‍, എസ്.ഐ. റിന്‍സ് എം. തോമസ്, കെ. രാജേഷ്, എ.എസ്.ഐ. സജി ജോസഫ്, സി.പി.ഒമാരായ വിജേഷ് കുമാര്‍, സിനൂപ്, രാജീവ്കുമാര്‍, കെ.എന്‍. അനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *