ഡബ്ലിന്‍ : സര്‍ക്കാരിന്റെ വേതന നയത്തിലെ അടക്കമുള്ള മാറ്റങ്ങള്‍ അയര്‍ലണ്ടില്‍ റസ്റ്റോറന്റ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. കുതിച്ചുയരുന്ന നടത്തിപ്പ് ചെലവുകളില്‍ പിടിച്ചുനില്‍ക്കാനാകാതെ ഫെബ്രുവരിയില്‍ മാത്രം 71 റെസ്റ്റോറന്റുകളാണ് പൂട്ടിയത്. 1500ലേറെ പേര്‍ക്ക് ജോലിയില്ലാതെയുമായി. റെസ്റ്റോറന്റ്സ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 280 ഓളം സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നുവെന്ന് ആര്‍ എ ഐ പബ്ലിക് അഫയേഴ്സ് എക്സിക്യൂട്ടീവ് ആദം ഹാലിസെ പറഞ്ഞു.ഈ മേഖലയിലെ ബിസിനസ്സ് ചെലവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ മുന്‍നിര്‍ത്തി ഐറിഷ് ടൂറിസം ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷന് (ഐ ടി ഐ സി) വേണ്ടി സാമ്പത്തിക വിദഗ്ധന്‍ ജിം പവര്‍ നടത്തിയ പഠനം ഈ പ്രതിസന്ധികളെ അക്കമിടുന്നതാണ്.285,000 ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.
ഈ വര്‍ഷം ടൂറിസം മേഖലയിലെ ശമ്പളച്ചെലവ് മാത്രം 456 മില്യണ്‍ യൂറോ വര്‍ധിപ്പിക്കുമെന്നാണ് പഠനം കണക്കാക്കുന്നു.2026 ഓടെ ഈ മേഖലയുടെ ഈയിനത്തിലെ ചെലവ് 1.4 ബില്യണ്‍ യൂറോ ആകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ത്തന്നെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന വ്യവസായത്തിന് പുതിയ വേതന വര്‍ധന വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഐറിഷ് ഗവണ്‍മെന്റ് ഇക്കണോമിക് ആന്‍ഡ് ഇവാലുവേഷന്‍ സര്‍വീസിന്റെ വിലയിരുത്തലനുസരിച്ച് സര്‍ക്കാര്‍ വരുത്തുന്ന വേതന മാറ്റങ്ങള്‍ മൂലം ഈ വര്‍ഷം ഹോസ്പിറ്റാലിറ്റി മേഖലയിലെ ശമ്പളച്ചെലവില്‍ 6.6% വര്‍ധനവുണ്ടാകും.2026 ഓടെ ഇത് 19.6%മാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കൂടിയ മിനിമം വേതനം…സിക്ക് പേ ,പേരന്റല്‍ അവധി ….
ജനുവരിയില്‍ നാഷണല്‍ മിനിമം വേതനത്തില്‍ 12.4% വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. സിക്ക് പേ, പേരന്റല്‍ അവധി, അധിക ബാങ്ക് അവധി, ഉയര്‍ന്ന പി ആര്‍ എസ് ഐ, പെന്‍ഷന്‍ ഓട്ടോ-എന്റോള്‍മെന്റ് എന്നിവയൊക്കെ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.
ഉയര്‍ന്ന ഊര്‍ജ ചെലവുകള്‍, വര്‍ധിച്ച ഭക്ഷ്യവില, തൊഴിലാളികളുടെ ക്ഷാമം, വാറ്റ് നിരക്കിലെ വര്‍ധന, മറ്റ് ചെലവുകള്‍ എന്നിവയൊക്കെ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.9% മുതല്‍ 13.5% വരെയാണ് വാറ്റ് കൂട്ടിയത്.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ പല സ്ഥാപനങ്ങളും ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നത്. ഈ പ്രതിബന്ധങ്ങളെ നേരിടുന്നതിന് അടിയന്തര സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ വ്യവസായമാകെ തകര്‍ച്ചയുടെ വക്കിലെത്തും.
നടപടികള്‍ നല്ലത്… എന്നാല്‍ ഹോട്ടലുടമസ്ഥര്‍ക്കും ജീവിക്കേണ്ടേ…
സര്‍ക്കാര്‍ നടപടികളോട് എതിര്‍പ്പൊന്നുമില്ല, എന്നാല്‍ അവ നടപ്പാക്കാന്‍ വ്യവസായത്തിന് സര്‍ക്കാരിന്റെ പിന്തുണയില്ലാത്തതാണ് പ്രശ്നമെന്ന് ഐ ടി ഐ സി സി ഇ ഒ ഓഗന്‍ ഒ മാര വാല്‍ഷ് പറഞ്ഞു.
ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നല്ല മികച്ച വേതനം നല്‍കുന്നതിനും ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് ഈ ചെലവുകള്‍ താങ്ങാനുള്ള ശേഷിയുണ്ടാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
നല്ലൊരു ശതമാനം സ്ഥാപനങ്ങളും എസ് എം ഇകളാണ്. ചെറിയ ലാഭം വിഹിതം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ ഇവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.ഈ മേഖലകള്‍ക്കായി എന്റര്‍പ്രൈസ് സപ്പോര്‍ട്ട് പാക്കേജ് ഉപയോഗിക്കാന്‍ സംവിധാനമുണ്ടാകണമെന്നും സി ഇ ഒ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *